മൂന്നാര്‍ ഭൂമി കയ്യേറ്റം: ആവശ്യമെങ്കില്‍ ഇടപെടുമെന്ന് രാജ്‌നാഥ്‌സിങ്

ആലുവ: മൂന്നാറിലെ ഭൂമി കയ്യേറ്റ വിഷയം പഠിച്ചശേഷം ആവശ്യമെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ്. ഭൂമി കയ്യേറ്റം തടയാന്‍ കേന്ദ്ര ദുരന്തനിവാരണ അതോറിറ്റി ഇടപെടണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ പ്രതികരണം. ആലുവ പാലസിലായിരുന്നു മന്ത്രിയുമായുള്ള കൂടിക്കാഴ്ച.

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നതായി ആരോപിച്ചാണ് ബിജെപി നേതാക്കള്‍ കേന്ദ്ര മന്ത്രിക്ക് കത്തു നല്‍കിയത്.
എംപിയുടേയും എംഎല്‍എയുടേയും നേതൃത്വത്തില്‍ മൂന്നാറില്‍ വന്‍ ഭൂമി കയ്യേറ്റമാണ് നടന്നിരിക്കുന്നതെന്ന് ആരോപിച്ച കുമ്മനം, മൂന്നാറില്‍ ഉത്തരാഖണ്ഡ് ആവര്‍ത്തിക്കുന്ന സാഹചര്യമാണുള്ളതെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞദിവസം കുമ്മനത്തിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ നടത്തിയ സന്ദര്‍ശനത്തിന്റെ തുടര്‍ച്ചയായാണ് കത്ത് നല്‍കിയത്.

SHARE