പള്ളികളില്‍ അംഗശുദ്ധീകരണത്തിനായി ഉപയോഗിക്കുന്ന വെള്ളം പുനരുപയോഗിക്കണമെന്ന് ആവശ്യം

ദോഹ: പള്ളികളില്‍ വുളൂഅ്(അംഗശുദ്ധി)നായി ഉപയോഗിക്കുന്ന വെള്ളം പുനചംക്രമണത്തിന് വിധേയമാക്കണമെന്ന് സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍(സിഎംസി) അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ സംസ്‌കരിക്കുന്ന വെള്ളം പള്ളികളുടെയും സമീപപ്രദേശങ്ങളിലെയും സസ്യങ്ങള്‍ക്കും മരങ്ങള്‍ക്കും ജലസേചനത്തിനായി ഉപയോഗിക്കണം. സിഎംസി വൈസ് ചെയര്‍മാന്‍ ഹമദ് ബിന്‍ ലഹ്ദാന്‍ അല്‍മുഹന്നദിയാണ് ഈ വിഷയം കൗണ്‍സില്‍ യോഗത്തില്‍ ഉയര്‍ത്തിയത്. വെള്ളം പാഴായിപ്പോകുന്നത് ഒഴിവാക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്ത് ഹരിതസ്ഥലങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കാനും ചെടികളുടെയും മറ്റും വളര്‍ച്ചയ്ക്കും സഹായകമാകും. ഔഖാഫ് ഇസ് ലാമിക കാര്യ മന്ത്രാലയം, മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം എന്നിവ സംയുക്തമായി പുനരുപയോഗ പദ്ധതി നടപ്പാക്കണമെന്നാണ് ആവശ്യം.

സിഎംസി അംഗങ്ങള്‍ ഈ ആവശ്യത്തെ അഭിനന്ദിക്കുകയും സര്‍വീസ് ആന്റ് യൂട്ടിലിറ്റീസ് കമ്മിറ്റിക്കായി കൈമാറുകയും ചെയ്തിട്ടുണ്ട്. സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം തുടരുന്നതിനാല്‍ ഇറക്കുമതി ഉല്‍പ്പന്നങ്ങളില്‍ ജിസിസി മാനദണ്ഡങ്ങള്‍ ഒഴിവാക്കി ഖത്തര്‍, രാജ്യാന്തര മാനദണ്ഡങ്ങള്‍ ബാധകമാക്കണമെന്നും സിഎംസിയില്‍ ആവശ്യമുയര്‍ന്നു. ജിസിസി സര്‍ട്ടിഫിക്കേഷന്‍ അനുവദിക്കുന്നത് സഊദിയില്‍ നിന്നായതിനാല്‍ അവ ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ടുതന്നെ ടയറുകളുടേതുള്‍പ്പടെ ഇറക്കുമതിയില്‍ തല്‍ക്കാലം ജിസിസി മാനദണ്ഡം ഒഴിവാക്കണമെന്നാണ് ആവശ്യം. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തര്‍ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്റേര്‍ഡ്‌സ് ആന്റ് മെട്രോളജി എന്നിവയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

ദുഖാനിലും അബുസംറയിലും ഒട്ടക ചന്തയും അറവുശാലയും സ്ഥാപിക്കുന്നതിനുള്ള സാധ്യതാപഠനം മുനിസിപ്പാലിറ്റി പരിസ്ഥിതിമന്ത്രാലയം നടത്തണമെന്നും സിഎംസി ആവശ്യപ്പെട്ടു. ക്യാമല്‍ ഫാമുകള്‍ക്ക് വേഗത്തില്‍ എത്തിപ്പെടാനുള്ള സൗകര്യം കണക്കിലെടുത്താണ് ഇവിടെ ഒട്ടകചന്ത സ്ഥാപിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

SHARE