അശ്റഫ് തൂണേരി
ദോഹ: ഉംസലലാല്‍ അലിയില്‍ കൊറോണ ബാധിതര്‍ക്കായി പ്രത്യേകം സജ്ജമാക്കിയ അക്കമഡേഷനിലിരുന്ന് വടകര, പെരുമുണ്ടശ്ശേരി, അരൂര്‍ പോസ്റ്റോഫീസിന് സമീപം മനത്താനത്ത് വീട്ടില്‍ മുനീര്‍ (44) പറയുന്നു… പിന്നിട്ട ദിനങ്ങളിലൊന്നും എനിക്കൊരു രോഗിയാണെന്ന തോന്നലേ ഉണ്ടായില്ലെന്ന്. കൊറോണ പിടിപെടുന്നവര്‍ രോഗിയാണെന്ന് ധരിച്ചാല്‍ എല്ലാം തീര്‍ന്നുവെന്നാണ് ലിമോസിന്‍ ടാക്സിഡ്രൈവറായി ജോലിനോക്കുന്ന അദ്ദേഹത്തിന്റെ പക്ഷം. ഖത്തര്‍ ഭരണാധികാരികളോടും ആരോഗ്യപ്രവര്‍ത്തകരോടും നന്ദി പറയുന്ന മുനീര്‍ ഖത്തര്‍ നല്‍കിയ ‘വി ഐ പി’ ചികിത്സയില്‍ ഏറെ ആഹ്ലാദവാനാണ്.
”നമ്മുടെ നാട്ടിലുള്‍പ്പെടെ ലഭ്യമാവുന്ന ചികിത്സയും ഖത്തറിലുള്ള ആശുപത്രി സൗകര്യങ്ങളും ഏറെ വ്യത്യാസമുണ്ട്. മികച്ച പരിഗണനയും സൗകര്യങ്ങളുമാണ് ഖത്തര്‍ നല്‍കുന്നത്. ഉംസലാല്‍ അലിയിലേക്ക് മാറിയപ്പോള്‍ മെഡിക്കല്‍ വസ്ത്രങ്ങള്‍ക്ക് പുറമെ ടീഷര്‍ട്ടുള്‍പ്പെടെ 5 ഇനം വസ്ത്രങ്ങളും റെഡിയായിരുന്നു. ഭക്ഷണത്തിന് യാതൊരു കുറവുമില്ല. മറ്റു സൗകര്യങ്ങളും മികച്ചത്. ആരോഗ്യ പരിചരണമാകട്ടെ നമ്മുടെ നാട്ടില്‍ സങ്കല്‍പ്പിക്കാനാവുന്നതിലും എത്രയോ മികച്ചത്.” അദ്ദേഹം ‘ചന്ദ്രിക’ യോട് സംസാരിക്കവെ വിശദീകരിച്ചു.
മാര്‍ച്ച് 12-ന് രാത്രി ജോലി കഴിഞ്ഞെത്തുമ്പോള്‍ ഒരു അസ്വസ്ഥതയുമില്ലാതിരുന്ന മുനീറിന് 13-ന് കാലത്ത് വല്ലാത്ത ക്ഷീണം തോന്നി. വെള്ളിയാഴ്ചയായതിനാല്‍ അബ്ദുല്‍അസീസിലെ ഹെല്‍ത് സെന്ററില്‍ ഉച്ചക്കു ശേഷം പോയി. അവര്‍ ടെംപറേച്ചര്‍ പരിശോധിച്ചു. പനിയില്ല. മറ്റു പ്രശ്നങ്ങളൊന്നും അവര്‍ക്ക് തോന്നിയുമില്ല. ചില ഗുളികകള്‍ തന്നു. പക്ഷെ ശനിയാഴ്ച കാലത്തായപ്പോഴേക്കും എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത തരത്തിലായി. കൈകൊണ്ട് സ്പൂണ്‍ വരെ എടുക്കാനാവാത്ത തരത്തില്‍ ശരീര വേദനയും ശ്വാസം കിട്ടാത്ത സ്ഥിതിയും മറ്റുമുണ്ടായി. ആംബുലന്‍സ് വിളിച്ചു ഹമദ് എമര്‍ജന്‍സിയിലേക്ക് പോയി. വിശദ പരിശോധന നടത്തി അവര്‍ ചികിത്സയാരംഭിച്ചു. ന്യുമോണിയയാണെന്നും കിഡ്നിക്കും മറ്റും ചെറിയ രൂപത്തില്‍ പ്രയാസങ്ങളുണ്ടെന്നുമൊക്കെയായിരുന്നു അറിയിച്ചത്. നാലു ദിവസം അങ്ങിനെ കടന്നുപോയി. ആദ്യ 3 ദിനങ്ങള്‍ ഫോണ്‍ പോലും എടുക്കാന്‍ പറ്റാത്ത സ്ഥിതിയായിരുന്നു. പലവിധ ടെസ്റ്റുകള്‍ക്ക് ശേഷം കഫം ടെസ്റ്റ് ചെയ്തപ്പോള്‍ പോസിറ്റീവ് റിസല്‍ട്ട് വന്ന് കൊറോണയാണെന്ന് കണ്ടെത്തി. അതോടെ ഇന്‍ഡസ്ട്രിയല്‍ ഏരിയ 33 ലുള്ള കൊറോണ ആശുപത്രിയിലേക്ക് മാറ്റി.

ചികിത്സാ കേന്ദ്രത്തില്‍
വിശാലമായ മുറിയില്‍ ഞാനും മറ്റൊരു വശത്ത് ഒരു ബംഗാളിയും. അവിടെയും തുടര്‍ചികിത്സകള്‍. 2 ദിവസങ്ങള്‍ പിന്നിട്ടു പരിശോധന നടത്തിയപ്പോള്‍ നെഗറ്റീവ്. തുടര്‍ന്ന് സ്വദേശിയായ 17 കാരനും ഇംഗ്ലീഷുകാരനും നേപ്പാള്‍ സ്വദേശിയും ഞാനും ഒരു മുറിയിലേക്ക് മാറി. പിന്നീട് വീണ്ടും ടെസ്റ്റ് നടത്തിയപ്പോഴും നെഗറ്റീവ് ആയിരുന്നു. ഇതോടെ ഇംഗ്ലീഷുകാരനും ഖത്തരിയും സ്വയം കോറന്റൈന്‍ സമ്മതമറിയിച്ച് പോയി. ഞാനും നേപ്പാളിയും ബാച്ചിലര്‍ മുറിയിലാണെന്നതിനാല്‍ തിരിച്ച് പോകുന്ന പ്രയാസമറിയിച്ചപ്പോള്‍ അവിടെ നിന്നും മാറ്റി ഉംസലാല്‍ അലിയിലെ പ്രത്യേക അക്കമഡേഷനിലെത്തി” പരിചരണത്തിന്റെ നാള്‍വഴികള്‍ മുനീര്‍ വിശദീകരിച്ചു.
തുടര്‍ച്ചയായി ചുമക്കുമ്പോള്‍ നെഞ്ച് മുറിഞ്ഞുപോവുന്ന സ്ഥിതിയാണുണ്ടായിരുന്നതെന്നും ഭക്ഷണം പോലും കഴിക്കാന്‍ പ്രയാസം നേരിട്ട ദുരിത പര്‍വ്വത്തിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം സങ്കടപ്പെട്ടു. ഇപ്പോള്‍ ഉംസലാല്‍അലിയിലെ അക്കമഡേഷനില്‍ രോഗം ഭേദമായ പല ദേശക്കാരായ 14 പേരുണ്ട്. നാലു മലയാളികള്‍ ഉള്‍പ്പെടെയാണിത്. ഖത്തറിലെ ആശുപത്രി സൗകര്യവും ചികിത്സയുമാണ് രോഗം പെട്ടെന്ന് ഭേദമായതെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആദ്യമറിയിച്ച മലയാളി മധു നൂറനാടിനും പുറമെ കോഴിക്കോട്, തൃശൂര്‍ ജില്ലകളിലെ മറ്റു രണ്ടുപേരുമാണുള്ളതെന്നും മുനീര്‍ അറിയിച്ചു.