പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സര്‍ക്കാര്‍ നടപടി തിരുത്തണം: മുനവറലി തങ്ങള്‍

പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം പ്രതിഷേധാര്‍ഹമാണെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ഈ നടപടി തിരുത്തണമെന്നും തങ്ങള്‍ പറഞ്ഞു. നന്നമ്പ്ര പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകളില്‍ വരുന്ന പ്രവാസികളുടെ വരവ് മുടക്കാന്‍ അപ്രായോഗികമായ കോവിഡ് പരിശോധന നിര്‍ബന്ധമാക്കിയത് ഉള്‍പ്പെടെ സര്‍ക്കാര്‍ നിരന്തരം പ്രവാസി ദ്രോഹം തുടരുകയാണെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും പോരാട്ടം തുടരുമെന്നുംതങ്ങള്‍ പറഞ്ഞു.

ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് ടെസ്റ്റിന്റെ ഫലം കിട്ടാന്‍ വൈകും. അതിന് വലിയ തുക നല്‍കുകയും വേണം. ഇനി ഫലം ലഭിച്ചാല്‍തന്നെ 48 മണിക്കൂറിനകം ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് പിടിച്ച് നാട്ടിലെത്തുക അസാധ്യവുമാണ്. ഈ സങ്കീര്‍ണത അറിഞ്ഞുകൊണ്ടു തന്നെയാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ടു വന്നതെന്നും തങ്ങള്‍ പറഞ്ഞു.