മരിച്ച ഉപ്പയെ ഒരു നോക്കുപോലും കാണാനാവാതെ.. ക്വാറന്റീനില്‍ കഴിയുന്ന പ്രവാസിയെ പറ്റി മുനവറലി തങ്ങളുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്

പിതാവിന്റെ മരണം ക്വാറന്റീനില്‍ കഴിയുന്ന വീടിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ നിന്ന് കാണേണ്ടി വന്ന മകന്റെ നിസ്സഹായാവസ്ഥയെ വിവരിച്ച് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. ഫെയ്‌സ്ബുക്കിലാണ് തങ്ങള്‍ ഇതു സംബന്ധിച്ച വേദനാജനകമായ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം:

മരണ വീട് സന്ദര്‍ശനവും മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നതും നമ്മുടെയൊക്കെ ജീവിതതിന്റെ ഭാഗമാണ്. ഇന്നൊരു വേറിട്ട അനുഭവമായിരുന്നു ഞങ്ങളുടെ കുടുംബ സുഹൃത്തും പ്രിയപ്പെട്ട സുനീഷ്(മോന്‍)ന്റെ ഉപ്പയുമായ മഞ്ചേരി മേലാക്കത്തെ സബ് ഇന്‍സ്‌പെക്ടര്‍ കുഞ്ഞാപ്പു ഹാജിയുടെ (അബ്ദു റഹ്മാന്‍) മരണവീട് സന്ദര്‍ശനം.

രണ്ടാഴ്ച മുന്‍പ് സുനീഷിനോടൊപ്പം വീട്ടിലേക്ക് വന്ന അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരി ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. മുന്‍പ് ഒരു രോഗമുണ്ടായപ്പോള്‍ ബാപ്പ ഒരു മെഡിസിന്‍ നല്‍കിയിരുന്നു. അതുവഴി അദ്ദേഹത്തിന്റെ രോഗം ഭേദമാവുകയും ചെയ്തു. ആ മെഡിസിന്‍ ഒന്നുകൂടെ എഴുതി വാങ്ങാനായിരുന്നു രോഗിയായ അദ്ദേഹത്തിന്റെ വരവിന്റെ ലക്ഷ്യം.

രണ്ട് ദിവസം മുന്‍പാണ് സുനീഷ് വിളിച്ച് ഉപ്പ ആശുപത്രിയില്‍ അഡ്മിറ്റാണ് എന്ന് പറഞ്ഞത്. അവയവങ്ങള്‍ ക്ഷയിച്ചു തുടങ്ങിയ അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റി എന്നറിയിച്ചപ്പോള്‍ കാണാനായി ഞാന്‍ ഇന്നലെ രാത്രി ആശുപത്രിയില്‍ ചെന്നു. മരണത്തിനോട് മല്ലിടിച്ചു വെന്റിലേറ്ററില്‍ കിടക്കുന്ന കുഞ്ഞാപ്പു ഹാജിയെയാണ് എനിക്കവിടെ കാണാനായത്. എങ്കിലും അവസാനമായി കുറച്ച് സംസം വെള്ളം നല്‍കാന്‍ എനിക്ക് സാധിച്ചു.

ഇന്ന് മരണ വീട്ടില്‍ ചെന്നപ്പോള്‍ ഏറെ ഭീകരമായ ഒരവസ്ഥയാണ് എനിക്കനുഭവപ്പെട്ടത്. ഉപ്പയുടെ രോഗ വിവരം അറിഞ്ഞ് യാംബൂവില്‍ നിന്നും വന്ന അനീഷും (മകന്‍) കുടുംബവും തൊട്ടടുത്ത സുനീഷിന്റെ പുതിയ വീട്ടീല്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.
അരികിലുണ്ടായിട്ടും ഉപ്പയുടെ മുഖം അവസാനമായൊന്ന് കാണാന്‍ കഴിയാതെ നിസ്സഹായനായി നില്‍ക്കുന്ന അനീഷിനെ കണ്ടപ്പോള്‍ വല്ലാത്തൊരു അസ്വസ്ഥത എന്നില്‍ പിടിമുറുക്കി. ആശ്വസിപ്പിക്കാന്‍ വരുന്നവരെപ്പോലും ദൂരെ നിന്ന് നോക്കികാണേണ്ട അവസ്ഥ.! മരണാന്തര ചടങ്ങുകളില്‍ നേതൃത്വം നല്‍കേണ്ട അനീഷ് ദൂരക്കാഴ്ചക്കാരനായി നിന്നു.
പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കാന്‍ കഴിയാതെ,
അവസാനമായി പ്രിയപ്പെട്ട ഉപ്പയെ ഒന്ന് കാണുവാന്‍ കഴിയാതെ, ഖബറിലേക്ക് ഇറക്കുമ്പോള്‍ ഒരു പിടി മണ്ണ് ഇടാന്‍ കഴിയാതെ നിസ്സഹായനായി ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടാനെ ആ മകന് സാധിച്ചുള്ളൂ. തിരിച്ചു പോകുമ്പോള്‍ വീടിന് മുകളില്‍ നിന്ന് കൈ വീശി കാണിക്കുന്ന അനീഷിനെയും മക്കളെയും കണ്ടപ്പോള്‍ മനസ്സൊന്നു ഇടറി, അറിയാതെന്റെ കണ്ണുകളും നിറഞ്ഞു.
ഒരു ക്വാറന്റയ്ന്‍ ഭീകരതയായിട്ടാണെനിക്കിത് അനുഭവപ്പെട്ടത്.

നാഥന്‍ അദ്ദേഹത്തിന് മഗ്ഫിറത്തും മര്‍ഹമത്തും നല്‍കുമാറാകട്ടെ, ആമീന്‍…

SHARE