സന്നദ്ധ പ്രവർത്തകരെ വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല: മുനവ്വർ അലി തങ്ങൾ

സമൂഹത്തിൽ പാവപ്പെട്ടവർക്ക് കൂടുതൽ സഹായം ആവശ്യമുള്ള ഈ സമയത്ത്, സന്നദ്ധ പ്രവർത്തനം പാടില്ലെന്ന സർക്കാർ ഉത്തരവ് തെറ്റായ നടപടിയാണ്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ ശരിയായ ദിശയിലല്ല. ഒറ്റക്കെട്ടായ പ്രവർത്തനങ്ങളാണ് വേണ്ടതെന്ന് ദിവസവും വാർത്ത സമ്മേളനം വിളിച്ച് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ നിലപാട് വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. പ്രളയകാലത്ത് നാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിച്ചത് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണ്. പഞ്ചായത്തുകളിലെ കമ്യൂണിറ്റി കിച്ചണുകൾ പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്. പ്രഖ്യാപനങ്ങൾ നടത്തുക മാത്രമാണ് സർക്കാർ ചെയ്യുന്നത്.

കൊയിലാണ്ടി മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ആസിഫ് കലാമിനെ, തീരദേശത്ത് റിലീഫ് നടത്താൻ മുന്നിട്ടിറങ്ങിയതിന്റെ പേരിൽ
അറസ്റ്റ് ചെയ്ത നടപടി അങ്ങേയറ്റം അപലപനീയവും മനുഷ്യത്വ രഹിതവുമാണ്.

ജാതിയോ മതമോ രാഷ്ട്രീയമോ നോക്കിയല്ല മുസ്ലിംലീഗ് ജീവകാരുണ്യ പ്രവർത്തനം നടത്താറുള്ളത്. വസൂരിയും കോളറയും പടർന്നു പിടിച്ച കാലം തൊട്ടേ തുടങ്ങിയ സന്നദ്ധ സേവനമാണ്. മുസ്ലിം യൂത്ത്ലീഗിന്റെ വൈറ്റ്ഗാർഡ് സംസ്ഥാനത്തുടനീളം മെഡിചെയിൻ എന്ന പേരിൽ മരുന്നെത്തിക്കുന്നത് ഇതിന്റെ ഭാഗമായാണ്. കിടപ്പുരോഗികൾ ഉൾപ്പെടെ നൂറുകണക്കിന് പാവങ്ങൾക്കാണ് ഈ സന്നദ്ധ പ്രവർത്തനം ഗുണം ചെയ്യുന്നത്. മുസ്ലിംലീഗിന്റെ പ്രാദേശിക ഘടകങ്ങളും വിദേശ രാജ്യങ്ങളിലെ കെ.എം.സി.സി ഘടകങ്ങളും കൊറോണക്കാലത്ത് ജീവൻ പണയം വെച്ചാണ്, ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കാൻ സന്നദ്ധ പ്രവർത്തനം നടത്തുന്നത്. അത് പോലും പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുകയാണ്.
നിരോധനം വന്ന ഇന്ന് പോലും നിരവധി പേരാണ് സഹായത്തിനായി വിളിക്കുന്നത്. ജീവൻ രക്ഷാ മരുന്നു പോലും അവർക്ക് എത്തിച്ച് നൽകാൻ സർക്കാർ സംവിധാനങ്ങൾ പര്യാപ്തമല്ല.
ഉത്തരവിന്റെ പശ്ചാതലത്തിൽ, ലോക് ഡൗൺ കാലത്തെ സന്നദ്ധ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്നും ഇതിനാൽ പൊതു ജനങ്ങൾക്ക് ഉണ്ടാകുന്ന പ്രയാസത്തിൽ ഖേദമുണ്ടെന്നും തങ്ങൾ പറഞ്ഞു.