പത്മശ്രീ സി.കെ മേനോന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അന്ത്യോപചാരമര്‍പിച്ചു

തൃശൂര്‍: ഇന്നലെ അന്തരിച്ച പത്മശ്രീ സി.കെ. മേനോന് പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍ അന്ത്യോപചാരമര്‍പിച്ചു. തൃശൂരിലെ ചേരില്‍ വീട്ടില്‍ എത്തിയ തങ്ങള്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാവിലെ 11 മണിക്ക് എറണാകുളം രവിപുരത്തെ സൗപര്‍ണിക വീട്ടില്‍ എത്തിയ മൃതദേഹം വൈകീട്ട് 3.30 ഓടെയാണ് തൃശൂരിലെത്തിയത്.

സി.കെ മേനോന്‍ രാജ്യം കണ്ട ഏറ്റവും വലിയ മനുഷ്യ സ്‌നേഹിയും മതസൗഹാര്‍ദ്ദത്തിന്റെ പ്രതീകവുമാണെന്ന് തങ്ങള്‍ പറഞ്ഞു.
തൃശ്ശൂര്‍ ചേരില്‍ കൃഷ്ണമേനോന്‍ എന്ന സി.കെ. മേനോന്‍ ഖത്തര്‍ ആസ്ഥാനമായ ബഹ്‌സാദ് ഗ്രൂപ്പ് വ്യവസായ ശൃംഖലയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ്. 2007ല്‍ പത്മശ്രീ നല്‍കി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരതീയ പ്രവാസി പുരസ്‌കാരവും നല്‍കിയിട്ടുണ്ട്. ഒരുവര്‍ഷമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ജീവകാരുണ്യ, സാമൂഹികസേവന മേഖലകളില്‍ ഏറെ പ്രശസ്തനാണ്. പത്തുവര്‍ഷമായി നോര്‍ക്കയുടെ വൈസ് ചെയര്‍മാനാണ്. 2012ല്‍ പി.വി. സാമി സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

പ്രവാസി ഭാരതീയ സമ്മാന്‍, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഫെഡറല്‍ ബാങ്ക് കേരള ബിസിനസ്സ് അവാര്‍ഡ്, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി, കെ.എസ്.ഹംസ, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, പി.എ അബ്ദുല്‍ കരീം എന്നിവര്‍ തങ്ങളെ അനുഗമിച്ചു.