പ്രിയപത്‌നിക്കൊപ്പമുള്ള പതിനാറു കൊല്ലം; പ്രണയപൂര്‍വമായ ഓര്‍മകള്‍ പങ്കുവെച്ച് മുനവ്വറലി തങ്ങള്‍

പാണക്കാട് സയ്യിദ് മുനവറലി തങ്ങളുടെ കുറിപ്പ്;


എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിന്ന്.വ്യത്യസ്ത ഘട്ടങ്ങളിലൂടെയാണ് മനുഷ്യന്റെ ജീവിതമാകുന്ന യാത്ര. ചോരക്കുഞ്ഞായി പിറന്ന് വീഴുമ്പോള്‍ ഒന്നിനും കഴിയാതെ നിസ്സഹായമായി മാതാവിന്റെ സംരക്ഷണത്തില്‍ അവന്‍/അവള്‍ വളരുന്നു. പിന്നീട് പിച്ചവെച്ച്, ജീവിതത്തിന്റെ ഓരോ ചുവടും പടിപടിയായി കയറുന്നു.ഏറെ സ്വാതന്ത്ര്യമുള്ള സ്‌കൂള്‍,കലാലയ ജീവിതത്തിലൂടെ സൗഹൃദവും ലോകവും അറിയുന്നു.പിന്നീട് രണ്ട് കാലില്‍ നില്‍ക്കാനും ഉപജീവന മാര്‍ഗ്ഗം കണ്ടെത്താനുള്ള നെട്ടോട്ടമായി.പുരുഷനെ സംബന്ധിച്ചു സ്വന്തം ജീവിതത്തെ രൂപകല്പന ചെയ്യാന്‍ പെടാപാടു പെടുമ്പോള്‍ ഒരു കൈതാങ്ങായി, എല്ലാത്തിനും കൂടെ നില്‍ക്കാന്‍ ഒരാള്‍.അതാണ് ഭാര്യ.

മടുപ്പും പ്രയാസവും തോന്നുന്ന മാനസികാവസ്ഥയിലും കണ്ണ് ചിമ്മിക്കാണിച്ച് ‘എല്ലാം ശരിയാവും,ഇങ്ങള് തളരരുത്’എന്ന് പറഞ്ഞ് കൈ പിടിച്ച് അവര്‍ നല്‍കുന്ന ധൈര്യം ലോകത്ത് നമുക്ക് മുന്നേറാനുള്ള വലിയ പ്രചോദനമായി തീരുന്നു. കഴിഞ്ഞ 16 വര്‍ഷമായി അങ്ങനെയൊരാള്‍ എന്റെ ജീവിതത്തിലും നിര്‍ണായക സ്വാധീനമായി നിലകൊള്ളുന്നു.എന്റെ പ്രിയപ്പെട്ട ഉമ്മ, എനിക്കായി കണ്ടു വെച്ച പ്രിയപത്‌നി..
ജീവിതത്തില്‍ ഒരു തവണ മാത്രമേ പെണ്ണ് കാണാന്‍ പോയിട്ടുള്ളൂ.’പെണ്ണ് കാണല്‍’ കേവലം ഒരു ചടങ്ങു മാത്രമായിരുന്നു എന്നെ സംബന്ധിച്ച്.കുടുംബങ്ങള്‍ തമ്മില്‍ എല്ലാം തീരുമാനിച്ചുറപ്പിച്ചതായിരുന്നു .കൊയിലാണ്ടി സനഫിലെ അബ്ദുള്ള സഖാഫ് തങ്ങളുടെ മകളായ പ്ലസ് ടുകാരി പെണ്‍കുട്ടിയാണ് നല്ല പാതിയായി ജീവിതത്തിലേക്ക് കടന്ന് വന്നത്.അന്നത്തെ ആ പ്ലസ് ടുക്കാരി തിരക്കു പിടിച്ച നമ്മുടെ ജീവിത ക്രമത്തിനിടയിലും സമയം കണ്ടെത്തി ഡിസ്റ്റന്‍സ് എജുക്കേഷന്‍ സംവിധാനത്തിലൂടെ ഡിഗ്രിയും കരസ്ഥമാക്കി.ഇപ്പോള്‍ എന്റെ മൂന്ന് കുട്ടികളുടെ ഉത്തരവാദിത്വപ്പെട്ട ഉമ്മായാണവര്‍. മിക്കവാറും തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ കുടുംബത്തില്‍ നമ്മുടെ ഭാഗധേയം കൂടി പരാതികളില്ലാതെ നിര്‍വ്വഹിക്കുന്നു അവര്‍.ക്ഷമിക്കണമെന്ന ഉപചാര വാക്കുകളാണ് ഈ വേളയില്‍ അവരുടെയടുത്ത് പറയാനുള്ളത്.കാരണം ജീവിതകാലം മുഴുവന്‍ സമൂഹ മധ്യത്തില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ട ജീവിത രീതിയാണ് നമ്മുടേത്.പൂര്‍വ്വികര്‍ തൊട്ടേയുള്ള പാതയാണത്.അത് വിധിയും നിമിത്തവുമാണെന്ന് ഉറച്ച് വിശ്വസിക്കുന്നു.അതില്‍ സന്തോഷം കണ്ടെത്തുന്നു.

എന്റെ മൂത്ത സഹോദരിയുടെ മകന്‍ ഉവൈസ് മോന്റെ നിക്കാഹ് ചടങ്ങില്‍ പ്രമുഖ പണ്ഡിതന്‍ റഫീക്ക് സകരിയ ഫൈസിയുടെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞ ഒരു വാക്ക് മനസ്സിലേക്കെത്തുന്നു. ‘കേരള സമൂഹം ഒരു ഭാര്യ എന്ന നിലയില്‍ മാപ്പ് പറയേണ്ടതുണ്ടെങ്കില്‍ അത് മര്‍ഹൂം സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പത്‌നി ശരീഫ ഫാത്തിമാ ബീവിയോടാണെന്ന്’അദ്ദേഹം പറയുകയുണ്ടായി.സത്യത്തില്‍ ബാപ്പയുടെയും ഉമ്മയുടെയും വിയോഗത്തിലും ഓര്‍മ്മകളിലും കണ്ണുനീര്‍ വരാതെ പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ആ വാക്കുകള്‍ കേട്ടപ്പോള്‍ ഞാനറിയാതെ എന്റെ കണ്ണുകളില്‍ അശ്രുകണങ്ങള്‍ നിറഞ്ഞു.ഒരു പക്ഷെ ഞാന്‍ പോലും അപ്പോഴാണ് ആ സത്യം തിരിച്ചറിഞ്ഞിട്ടുണ്ടാവുക എന്നത് കൊണ്ടായിരിക്കണമത്.ബാപ്പയുടെ വിശ്രമമില്ലാത്ത ജീവിതത്തിനിടയില്‍ ഞങ്ങളെ വളര്‍ത്തിയത് ആദരവോടെയും അഭിമാനത്തോടെയും നിറഞ്ഞ സ്‌നേഹത്തോടെയും മാത്രം എനിക്കോര്‍ക്കാന്‍ കഴിയുന്ന എന്റെ പ്രിയപ്പെട്ട ഉമ്മയായിരുന്നു.ഈ ജീവിതത്തില്‍ എന്തെങ്കിലും നന്മ അവശേഷിക്കുന്നുണ്ടെങ്കില്‍ അതവരുടെ ലാളനയുടെയും ശാസനയുടെയും ശക്തിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ബാപ്പയോളം തിരക്കൊന്നുമില്ലെങ്കിലും
ആ തുടര്‍ച്ചയെന്നോണം ചെയ്ത് തീര്‍ക്കേണ്ട ഉത്തരവാദിത്വത്തെ കുറിച്ചുള്ള ബോധ്യവും അതിന് ജനങ്ങള്‍ നല്‍കുന്ന പൂര്‍ണ്ണ പിന്തുണയുമാണ് മുന്നോട്ട് നയിക്കുന്നത്.അതിനിടയില്‍ ജീവിതത്തില്‍ ചേര്‍ന്ന് നില്‍ക്കുന്നവളെ സന്തോഷിപ്പിക്കാനും ഭാര്യയെന്ന നിലയില്‍ ശ്രദ്ധ ചെലുത്താനും കഴിയാതെ പോയിട്ടുണ്ടെങ്കില്‍ അതൊരു അപാകതയായി കാണരുതെന്നാണ് അവര്‍ക്ക് മുന്‍പില്‍ സ്‌നേഹത്തോടെ പറയാനുള്ളത്.

പ്രചോദനമായി കൂടെ നിന്നതിനും മനസ്സിലാക്കിയതിനും അതിരുകളില്ലാത്ത സ്‌നേഹവും ശ്രദ്ധയും കൊണ്ട് മനസ്സ് നിറച്ചതിനും എന്റെ കുട്ടികളുകളുടെ നല്ല ഉമ്മയായതിനും ജീവിതത്തിലെ നന്മ നിറഞ്ഞ നല്ല പങ്കാളിയായതിനും ഈ സന്ദര്‍ഭത്തിലും തിരിച്ചു തരാന്‍ സ്‌നേഹവും പ്രാര്‍ത്ഥനകളും മാത്രം..