പാലക്കാട് ജില്ലയില്‍ ആന കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി ശിഹാബ് തങ്ങള്‍. ഒരു മഹാമാരി മനുഷ്യരാശിയെ തന്നെ വിറങ്ങലിപ്പിച്ച് പടര്‍ന്നു പിടിക്കുമ്പോഴും മനുഷ്യരുടെ ക്രൂരമായ ചെയ്തികള്‍ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്നതിന്റെ നേര് ചിത്രമാണ് പാലക്കാട് തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ കാട്ടാന ചെരിഞ്ഞ സംഭവമെന്ന് അദ്ദേഹം ഫെയ്സ് ബുക്കില്‍ കുറിച്ചു. മനുഷ്യരെ വിഴുങ്ങാന്‍ ഒരു പകര്‍ച്ചാവ്യാധി വാ തുറന്ന് പിറകെ കൂടിയിരിക്കുന്ന കാലത്ത് സഹജീവികളോടും മൃഗങ്ങളോടും പ്രകൃതിയോടും മനുഷ്യന് കാണിക്കുന്ന ദയാരഹിതമായ പ്രവര്‍ത്തികള്‍ ഈ വിധം തുടരുന്നത് എത്ര വലിയ അപരാധമാണെന്നും തങ്ങള്‍ കുറിച്ചു.
എന്നാല്‍ അപ്പോഴും അതിനുള്ളില്‍ വര്‍ഗ്ഗീയത തിരയുകയാണ് മേനക ഗാന്ധിയെ പോലുള്ള ഉത്തരവാദിത്വപ്പെട്ട ബിജെപി നേതാവെന്നും തങ്ങള്‍ വിമര്‍ശിച്ചു. ചെറുതും വലുതുമായ ഓരോ ദുരന്തങ്ങളും വിവേചനങ്ങള്‍ക്കും വംശഹത്യക്കും ഉപയോഗിക്കുന്ന, അസഹിഷ്ണുതയും മുന്‍വിധികളും മാത്രമാണ് ഉത്തരവാദിത്വപ്പെട്ട, ഇത്തരത്തിലുള്ള നേതാക്കളെ നയിക്കുന്നതെന്നത് ഖേദകരമാണ്.
പാലക്കാട് ജില്ലയില്‍ ആനയുടെ മരണം തീര്‍ച്ചയായും സങ്കടകരമാണ്. എന്നാല്‍ കൂടുതല്‍ അപകടകരമായ നിലപാട് അതിന് ഒരു സാമുദായിക പക്ഷം നല്‍കുക എന്നതാണെന്നും അദ്ദേഹം പറഞ്ഞു. സഹജീവികളുള്പ്പെടെ മുഴുവന്‍ ജീവജാലങ്ങളോടും ദയാലുവായിരിക്കാന് മനുഷ്യര്‍ എന്ന് പഠിക്കുന്നുവോ അന്ന് മാത്രമേ സമാധാനം നമ്മെയും തേടിയെത്തൂവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍, വിദ്വേഷ പ്രചരണം രൂക്ഷമായ ട്വിറ്ററിലും മുനവ്വറലി തങ്ങള്‍ പ്രതികരിച്ചു. പാലക്കാട് ജില്ലയില്‍ ആനയുടെ മരണം തീര്‍ച്ചയായും സങ്കടകരമാണ്. എന്നാല്‍ മൃഗങ്ങളോടുള്ള വിദ്വേഷത്തിന്റെ കേന്ദ്രമായി മലപ്പുറത്തെ ചിത്രീകരിച്ചുകൊണ്ട് അതിന് സാമുദായിക പക്ഷം നല്‍കുക എന്നതാണ് കൂടുതല്‍ അപകടകരമായതെന്നും, തങ്ങള്‍ ട്വീറ്റ് ചെയ്തു. വിദ്വേഷ പ്രചരണം ഗുരുതരമായ പ്രശ്നമാണെന്നും ഇവര്‍ ശിക്ഷിക്കപ്പെടണമെന്നും, ട്വീറ്റില്‍ മുനവ്വറലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ആന കൊല്ലപ്പെട്ട സംഭവം വര്ഗീയല്ക്കരിക്കപ്പെട്ട വിഷയത്തില്‍ യൂത്ത് ലീഗ് അധ്യക്ഷനെ സംവാദത്തിന് ക്ഷണിച്ച് മുന്‍ സുപ്രീം കോടതി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്തെത്തി. ഇന്ന് വൈകീട്ട് നടക്കുന്ന ഓണ്‍ലൈന്‍ സംവാദത്തിലേക്കാണ് മുനവ്വറലി തങ്ങള്‍ ക്ഷണിച്ചത്. അതേസമയം തങ്ങള്‍ പങ്കെടുക്കുമോ എന്നതില്‍ പ്രതികരിച്ചിട്ടില്ല.