‘ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട സംസ്ഥാനമാണ് കേരളം’; മുനവ്വറലി തങ്ങള്‍

മുനവ്വറലി തങ്ങള്‍

കേരളം ബി ജെ പിയുടെ രാഷ്ട്രീയ ശ്മശാനഭൂമികയാണെന്ന് ഒരിക്കല്‍ കൂടെ തെളിയിച്ച തെരെഞ്ഞെടുപ്പാണ് കടന്ന് പോയത്. ധ്രുവീകരണ വിരുദ്ധ രാഷ്ട്രീയമാണ് കേരളത്തിന്റെ പാരമ്പര്യം. ഉയര്‍ന്ന സാംസ്‌കാരിക അവബോധവും രാഷ്ട്രീയ പ്രബുദ്ധതയും മതത്തിന്റെയും ജാതിയുടേയും വര്‍ഗ്ഗത്തിന്റെയും പേരില്‍ മനുഷ്യനെ ഭിന്നിപ്പിക്കുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്താന്‍ കേരളീയ സമൂഹത്തെ എന്നും പ്രാപ്തമാക്കുന്നു.ഇത് ഇന്ത്യക്ക് മാതൃകയാണ്.

പത്തനംതിട്ടയില്‍ ആന്റോ ആന്റണിയുടെയും തിരുവനന്തപുരത്ത് ഡോക്ടര്‍ ശശി തരൂരിന്റെയുമൊക്കെ തുടര്‍ വിജയങ്ങള്‍ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തെ ഫലപ്രദമായി നയിക്കാന്‍ യുഡിഎഫിനേ സാധിക്കൂവെന്ന കേരളീയ സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഉദാഹരണമാണ്. പത്തനംതിട്ടയിലെ വിജയം വിശ്വാസികളെ വേദനിപ്പിച്ച എല്‍ ഡി എഫിനും അതില്‍ മുതലെടുപ്പിന്റെ രാഷ്ട്രീയം കളിച്ച ബിജെപിക്കുമെതിരെയുള്ള വിധിയെഴുത്താണ്. അപ്പോഴും എല്‍ ഡി എഫ് പറയുന്നത് തങ്ങളുടെ നിലപാടുകളാണ് ബി ജെ പി യെ കേരളത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്നത് എന്നാണ്.അടിസ്ഥാന രഹിതമായ വാദമാണിതെന്ന് കേരളത്തിന്റെ ഇലക്ഷന്‍ ഫലം തന്നെ നമ്മോട് പറയുന്നു.

ഇന്ത്യയെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിക്കാന്‍ മുന്നില്‍ നില്‍ക്കേണ്ട സംസ്ഥാനമാണ് കേരളം.പ്രാദേശിക സഖ്യങ്ങളും കൂട്ടായ്മകളും രാജ്യമെങ്ങും പ്രായോഗികമാക്കേണ്ടതിന്റെ ആവശ്യകത മുഖ്യധാര പ്രസ്ഥാനങ്ങള്‍ ഗൗരവപൂര്‍ണ്ണമായെടുക്കേണ്ട സമയമാണിത്. ഒപ്പം പേപ്പര്‍ ബാലറ്റുള്‍പ്പെടെ തെരെഞ്ഞെടുപ്പുകള്‍ സുതാര്യമാക്കാനാവശ്യമായ നിയമ പോരാട്ടങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കേണ്ടതുണ്ട്.

കേരളത്തില്‍ അക്കൗണ്ട് തുറക്കാനുള്ള ബി ജെ പിയുടെ അവസാനശ്രമവും പരാജയപ്പെടുത്തിയ കേരളത്തിന്റെ മതേതര പൊതു മനസ്സിനെ എത്ര അഭിനന്ദിച്ചാലും മതിയാവുകയില്ല. എന്‍ എസ് എസിനെ പോലെയുള്ള സമുദായ സംഘടനകളും മറ്റ് മത സാമൂഹിക സംഘടനകളുമൊക്കെ ഇക്കാര്യത്തില്‍ കാണിച്ച സൂക്ഷ്മത ഏറെ സന്തോഷകരമാണ്. എക്കാലത്തും ഭാരതത്തിന്റെ മതേതരത്വവും ജനാധിപത്യവും ഉയര്‍ത്തിപ്പിടിക്കാന്‍ രാജ്യത്തിന്റെ തെക്കേയറ്റത്ത് കേരളമെന്ന ഒരു സംസ്ഥാനമുണ്ടായിട്ടുണ്ട് എന്ന സമാനതകളില്ലാത്ത ചരിത്രം നാളെകളില്‍ നമുക്കുള്ളതാണ്. അഭിമാനകരമാണത്!

SHARE