പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ പ്രകടനം മാത്രമായി മാറുന്നു; രാജ്യത്തിന്റെ സ്പന്ദനങ്ങളറിയുന്ന തീരുമാനങ്ങള്‍ അനിവാര്യമെന്ന് മുനവ്വറലി തങ്ങള്‍

ഇരുട്ടിനെ മാറ്റി പൂര്‍ണ്ണമായും പ്രകാശം പ്രസരിപ്പിക്കാനുള്ള യാതൊരു കാര്യപരിപാടിയും ജനങ്ങള്‍ക്ക് മുമ്പിലവതരിപ്പിക്കാതെ, സൂര്യാസ്തമയത്തെ മെഴുകു തിരി വെട്ടം കൊണ്ട് മറികടക്കാമെന്ന അപ്രായോഗികമായ ചിന്തകള്‍ പങ്ക് വെക്കുകയാണ് ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍ ചെയ്യുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി തങ്ങള്‍.

ലോക്ഡൗണിന് ശേഷമുള്ള, ജനതയുടെ നിത്യനിദാന പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവിയെ കുറിക്കുന്ന വീക്ഷണങ്ങളോ ഇല്ലാത്ത പ്രകടനം മാത്രമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മാറുന്നതായും തങ്ങള്‍ പറഞ്ഞു.എല്ലാ കാര്യങ്ങളും വിജയകരമായി മുന്നോട്ടു പോകുന്നു എന്ന പ്രതീതിയാണ് അദ്ദേഹം ജനിപ്പിക്കുന്നത്. എന്നാല്‍ പരിതാപകരമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു. ജനങ്ങളുടെ പ്രതിസന്ധികള്‍ക്കും വേദനകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും എങ്ങനെ ആശ്വാസം നല്‍കാമെന്നത് പരിഗണനാ വിഷയമേ ആകാത്ത പ്രതീകാത്മക പ്രഖ്യാപനങ്ങള്‍ കൊണ്ടെന്ത് ഫലമാണെന്നും മുനവ്വറലി തങ്ങള്‍ ഫെയ്‌സിബുക്കില്‍ കുറിച്ചു.

മുനവ്വറലി തങ്ങളുടെ പോസ്റ്റ് പൂര്‍ണ്ണമായി വായിക്കാം….

സൂര്യാസ്തമയത്തെ മെഴുകു തിരിയാല്‍ മറികടക്കാന്‍ സാധ്യമല്ലെന്ന ജോര്‍ജ്ജ് ആര്‍ ആര്‍ മാര്‍ട്ടിന്റെ പ്രഫുല്ലമായ വാക്യങ്ങള്‍ ഓര്‍ത്ത് പോവുന്നു.

ഒരു ദുരന്തമുഖത്തെ ജനതയുടെ പൂര്‍ണ്ണമായ അതിജീവനം സാധ്യമാകണമെങ്കില്‍ ഓരോ മനുഷ്യന്റെയും ഹൃദയമറിയുന്ന, രാജ്യത്തിന്റെ സ്പന്ദനങ്ങളറിയുന്ന തീരുമാനങ്ങള്‍ അനിവാര്യമാണ്.

ലോക് ഡൗണ്‍ കാലത്തെ ഇന്ത്യയുടെ നേര്‍ച്ചിത്രം എന്താണ്?

പെട്ടെന്നുള്ള തീരുമാനം വഴി പ്രതിസന്ധിയിലായ തൊഴിലാളികള്‍, നിത്യ കൂലിയാല്‍ അരവയര്‍ നിറച്ചിരുന്ന ദരിദ്രകോടികള്‍, രോഗികള്‍,നിലച്ച കാര്‍ഷിക വൃത്തി ഉപജീവനത്തെ വഴിമുട്ടിച്ചവര്‍,അവര്‍ക്കു വേണ്ടിയുള്ള കരുതലിന്റെ കൂടി പ്രഖ്യാപനങ്ങള്‍ക്ക് കാതോര്‍ത്തിരുന്ന രാജ്യത്തെയാണ് പ്രധാനമന്ത്രി നിരാശനാക്കിയിരിക്കുന്നത്.

ജനങ്ങളുടെ പ്രതിസന്ധികള്‍ക്കും വേദനകള്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കും എങ്ങനെ ആശ്വാസം നല്‍കാമെന്നത് പരിഗണനാ വിഷയമേ ആകാത്ത പ്രതീകാത്മക പ്രഖ്യാപനങ്ങള്‍ കൊണ്ടെന്ത് ഫലം ? ഒരു ദുരന്ത ഘട്ടത്തെ അതിജീവിക്കാന്‍ ഇന്ത്യയെപ്പോലൊരു രാജ്യത്തിന് പ്രതീകാത്മകതയല്ല, പ്രായോഗികതയാണ് ആവശ്യമായിട്ടുള്ളത്.

ലോക്ഡൗണിന് ശേഷമുള്ള, ജനതയുടെ നിത്യനിദാന പ്രശ്‌നങ്ങളോ കാഴ്ച്ചപ്പാടുകളോ ഭാവിയെ കുറിക്കുന്ന വീക്ഷണങ്ങളോ ഇല്ലാത്ത പ്രകടനം മാത്രമായി പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ മാറുന്നു.എല്ലാ കാര്യങ്ങളും വിജയകരമായി മുന്നോട്ടു പോകുന്നു എന്ന പ്രതീതി അദ്ദേഹം ജനിപ്പിക്കുന്നു. എന്നാല്‍ പരിതാപകരമായ ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളെ വിസ്മരിക്കുകയും ചെയ്യുന്നു.

ഇരുട്ടിനെ മാറ്റി പൂര്‍ണ്ണമായും പ്രകാശം പ്രസരിപ്പിക്കാനുള്ള യാതൊരു കാര്യപരിപാടിയും ജനങ്ങള്‍ക്ക് മുമ്പിലവതരിപ്പിക്കാതെ, സൂര്യാസ്തമയത്തെ മെഴുകു തിരി വെട്ടം കൊണ്ട് മറികടക്കാമെന്ന അപ്രായോഗികമായ ചിന്തകള്‍ പങ്ക് വെക്കുകയാണ് ഭരണകൂടം ജനങ്ങള്‍ക്ക് മുമ്പില്‍.