കോഴിക്കോട്: കേരളത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കുള്ള പ്രവാസികളോട് കോവിഡ് കാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ കാണിക്കുന്നത് നന്ദിക്കേടാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹൈദരലി ശിഹാബ് തങ്ങള്‍. പ്രവാസികളും മനുഷ്യരാണ്, സര്‍ക്കാരിന്റെ ക്രൂരത അവസാനിിപ്പിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി മുനവ്വറലി ശിഹാബ് തങ്ങള്‍ നടത്തുന്ന ഏകദിന സത്യഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഹൈദരലി തങ്ങള്‍. ജന്മനാട്ടില് തിരിച്ചെത്താനുള്ള പൗരന്മാരുടെ അവകാശത്തെ സര്‍ക്കാരുകള്‍ ചോദ്യം ചെയ്യുകയാണ്. പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കരുതെന്ന മുദ്രാവാക്യമാണ് മുന്നോട്ട് വെക്കാനുള്ളതെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
ഇടത് സര്‍ക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടില്‍ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ ഏകദിന സത്യഗ്രം. രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡില്‍ കെ.എസ്.ആര്.ടി.സിക്ക് സമീപം പ്രത്യേകം സജ്ജമാക്കിയ സമര പന്തലിലാണ് സത്യഗ്രഹം. മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യ പ്രഭാഷണം നടത്തി. പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
വൈകീട്ട് ആറ് മണി വരെ തുടരുന്ന സത്യഗ്രഹത്തിന്റെ സമാപനം മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ, സംസ്ഥാന നേതാക്കള്‍, എംഎല്‍എമാര്‍, യുഡിഎഫ് നേതാക്കള്‍, കെഎംസിസി നേതാക്കള്‍ തുടങ്ങിയവര്‍ സമരത്തെ അഭിസംബോധന ചെയ്യും.