മഹാമാരിയെ ചെറുക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍ കാണാന്‍ സാധിക്കുന്നത്.
എന്നാല്‍ കൊവിഡ്19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് തുടരുന്ന ലോക്ക് ഡൗണില്‍ പൊലിസിന്റെ ഇടപെടല്‍ അതിരുകടക്കുന്നതായി വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികളിലേക്കും, ഡി എം ഒ , ഓഫിസ് ഉള്‍പ്പടെയുള്ള വിവിധ ആരോഗ്യ സ്ഥാപനങ്ങളിലേക്കും ജോലിക്ക് പോകുന്ന ഡോക്ടര്‍മാരെയും മറ്റു ജീവനക്കാരെയും, അവശ്യ വസ്തുക്കള്‍ വാങ്ങാനായി പുറത്തിറങ്ങുന്നവരെയും, സന്നദ്ധ പ്രവര്‍ത്തകരെയും തടയുകയും മര്‍ദ്ദിക്കുകയും ചെയ്ത പോലീസ് നടപടി ഏറെ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. മുഖ്യമന്ത്രി തന്നെ ഇതിനെ വിമര്‍ശിച്ചെങ്കിലും കാര്യമായ മാറ്റങ്ങളൊന്നും ഇനിയും വന്നിട്ടില്ല.
ബഹു ഭൂരിഭാഗം പൊലീസ് ഉദ്യോഗസ്ഥരും കാര്യക്ഷമമായ കൃത്യനിര്‍വ്വഹണം നടത്തുന്നുണ്ട്. ഇത് അഭിനന്ദനാര്‍ഹവുമാണ്.എന്നാല്‍ , ചിലര്‍ ഈ അവസരം ദുരുപയോഗം ചെയ്ത് പോലീസിന്റെ തന്നെ സല്‍പേരിന് കളങ്കം വരുത്തുന്നുണ്ട്. ഇതൊരിക്കലും അനുവദിച്ച് കൂടാ.
ആശുപത്രിയില്‍ പോകുന്ന ജീവനക്കാരെയും,
സന്നദ്ധ പ്രവര്‍ത്തകരെയും തടഞ്ഞു കൊണ്ട് കൊറോണ വ്യാപനത്തെ എങ്ങനെ തടയുമെന്ന് മനസ്സിലാകുന്നില്ല. സര്‍ക്കാര്‍ അനുവാദം നല്കിയ, ആചാരങ്ങള്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായ, വാങ്ക് വിളിക്കാന്‍ പള്ളിയില്‍ എത്തുന്നവരെ പോലും പോലീസ് നേരിടുന്നത് പ്രതിഷേധാര്‍ഹമാണ്. കാര്യങ്ങള്‍ കൃത്യമായി അന്വേഷിച്ച്, അനാവശ്യമായി കറങ്ങി നടക്കുന്നവര്‍ക്കെതിരെയും കാഴ്ചക്കാര്ക്കെതിരെയുമാണ് നടപടി കൈകൊള്ളേണ്ടത്. പോലീസിനെ പേടിച്ച് അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങാന്‍ ഭയക്കുന്ന സാഹചര്യം വരെ ചിലയിടങ്ങളില്‍ പോലീസ് സൃഷ്ടിച്ചിരിക്കുന്നു. പോലീസ് മേധാവി തന്നെ കണ്ണൂരില്‍ ജനങ്ങളെ പ്രാകൃതമായി ശിക്ഷിക്കുന്നത് ഇന്ന് ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്.
ഒരു പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നവരുടെയും സാധാരണക്കാരുടെയും മനോവീര്യം കെടുത്തുന്നതും ആത്മവിശ്വാസം ചോര്‍ത്തുന്നതുമായ നടപടി അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദികളാകുന്ന പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണം. പോലീസ് സേന ഇക്കാര്യത്തില്‍ ഒരു പുനര്‍വിചിന്തനത്തിന് തയ്യാറാവുകയും വേണം.