രാജ്യത്ത് വരുംദിവസങ്ങളില്‍ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യത;

ന്യൂഡല്‍ഹി: കനത്ത മഴയും കാറ്റും തുടരുന്ന മുംബൈയില്‍ ആന്ധേരി പാലം തകര്‍ന്ന് അഞ്ചു പേര്‍ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ അടുത്തുള്ള കൂപ്പര്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച വൈകീട്ട് മുതല്‍ തുടരുന്ന കനത്ത മഴയില്‍ വന്‍ നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കനത്ത മഴയില്‍ താനെയില്‍ ഒരു വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് 35 കാരന്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് ഗരുതരമായി പരിക്കേറ്റു.

അതേസമയം ഇന്ത്യയില്‍ പലയിടത്തും വരുംദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. ജമ്മുകശ്മീര്‍, തമിഴ്‌നാട്, അസം, ഗുജറാത്ത് എന്നിവിടങ്ങളിലാണ് കനത്തമഴയെ തുടര്‍ന്ന് വെള്ളപ്പൊക്കത്തിനുള്ള സാധ്യതയുള്ളത്. ഉത്തരാഖണ്ഡ്, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. പശ്ചിമബംഗാള്‍, സിക്കിം, ബീഹാര്‍, അസം, മേഘാലയ എന്നിവിടങ്ങളിലും കനത്ത മഴയുണ്ടാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.

കേരളത്തില്‍ എട്ട് ജില്ലകളില്‍ ശക്തമായ കാറ്റോട് കൂടിയ മഴക്കും മിന്നലിനും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 24 മണിക്കൂര്‍ നേരത്തേക്കാണ് മുന്നറിയിപ്പ്

കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് മത്സ്യബന്ധനത്തിന് പോകരുത്. കൂടാതെ ലക്ഷദ്വീപിന്റെ കിഴക്ക് ഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.