ഏതെങ്കിലും ഒരു നിയമത്തിനെതിരായി സാമാധാനപരമായ പ്രതിഷേധം നയിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരക്കാനാവില്ലെന്ന് ബോംബെ ഹൈകോടതി. പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കാന്‍ അനുവാദം ചോദിച്ചുള്ള ഹരജിയിലാണ് ഹൈകോടതി കോടതി വിധി.
ബോംബെ ഹൈകോടതിയുടെ ഔറംഗാബാദ് ബെഞ്ചിന്റേതാണ് സുപ്രധാനമായ വിധി. മഹാരാഷ്ട്രയിലെ ബീട് ജില്ലയില്‍ സി.എ.എക്കെതിരായി അനിശ്ചിതകാല സമരം സംഘടിപ്പിക്കുന്നതിന് അനുമതി നിഷേധിച്ച മജിസ്‌ട്രേറ്റിന്റെയും പൊലീസിന്റെയും നടപടിക്കെതിരെ ഇഫ്തികാര്‍ ഷെയ്ഖ് എന്ന വ്യക്തിയാണ് കോടതിയെ സമീപിച്ചത്. ഹരജി കേട്ട ടി.വി നലവാഡെ, എം.ജി സെവിലാക്കര്‍ എന്നിവരടങ്ങിയ ബെഞ്ച്, സമാധാനപരമായി പ്രതിഷേധമറിയിക്കുകയാണ് ഹരിജിക്കാരന്റെ ലക്ഷ്യമെന്നും, ഒരു നിയമത്തിനെതിരെ പ്രതിഷേധിക്കുന്നുവെന്ന കാരണത്താല്‍ ആരെയും രാജ്യദ്രോഹികളോ, ദേശവിരുദ്ധരോ ആയി കാണാനാവില്ലെന്നും പറഞ്ഞു.
ഒരു ജനാധിപത്യ റിപബ്ലിക്കായ രാജ്യമാണിത്. നീണ്ട സമര പ്രക്ഷോഭങ്ങള്‍ക്ക് ശേഷം സ്വാതന്ത്ര്യം ലഭിച്ച രാജ്യമാണ് ഇന്ത്യയെന്നും, ഭൂരിപക്ഷാധിപത്യമല്ല ജനാധിപത്യമെന്ന കാര്യം മനസ്സുണ്ടായിരിക്കണമെന്നും കോടതി പറഞ്ഞു.
നിയമത്തെ കുറിച്ച് ആശങ്കയുള്ള പൗരന്‍മാരെ അതേകുറിച്ച് ബോധ്യപ്പെടുത്തേണ്ട ചുമതല സര്‍ക്കാറിനാണ്. മനുഷ്യാവകാശ വിഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നടപടിയെടുക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. നേരത്തെ, സി.എ.എ വിരുദ്ധ പ്രക്ഷോഭം തടയുന്നതിനായി ബംഗളൂരുവില്‍ നിരോധനാ!ജ്ഞ പ്രഖ്യാപിച്ചത് നിയമവിരുദ്ധമാണെന്ന് കര്‍ണാടക ഹൈകോടതിയും നിരീക്ഷിച്ചിരുന്നു.