മുംബൈ സ്‌ഫോടന പരമ്പര മുഖ്യപ്രതികള്‍ ഇപ്പോഴും ഒളിവില്‍

 

മുംബൈ: മുംബൈ സ്‌ഫോടന പരമ്പര കേസിലെ മുഖ്യ പ്രതികള്‍ ഇപ്പോഴും ഒളിവില്‍. അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീം, സഹോദരന്‍ അനീസ് ഇബ്രാഹീം, കൂട്ടാളി ടൈഗര്‍ മേമന്‍, മുഹമ്മദ് ദൊസ്സ എന്നിവരാണ് ഇനിയും പിടിയിലാവാനുള്ളത്. മൂന്നു ഘട്ടങ്ങളിലായാണ് പ്രത്യേക ടാഡ കോടതി കേസ് പരിഗണിച്ചത്.
ഇതില്‍ ആദ്യ കേസില്‍ 2007ല്‍ കോടതി വിധി പറഞ്ഞു. 100 പേരെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചപ്പോള്‍ 23 പേരെ വെറുതെ വിട്ടുകൊണ്ടായിരുന്നു ഈ വിധി. അബൂസലീം ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായ കേസില്‍ 2007ലാണ് വിചാരണ ആരംഭിച്ചത്. എന്നാല്‍ അബൂ സലീം, ഉമര്‍ ദൊസ്സ എന്നിവര്‍ സമര്‍പ്പിച്ച തടസ്സ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ വിചാരണ തടസ്സപ്പെട്ടു.
ഇതേ കേസ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും പ്രത്യേക കോടതി മുമ്പാകെ നടക്കുന്ന വിചാരണക്ക് തടസ്സമുന്നയിച്ചത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ 2012ലാണ് പിന്നീട് കേസില്‍ വിചാരണ പുനരാരംഭിച്ചത്. 2017 മാര്‍ച്ചില്‍ വിചാരണ പൂര്‍ത്തിയായി.
1992 ഡിസംബറിനും 1993 മാര്‍ച്ചിനും ഇടയിലായി മുംബൈ, റായ്ഗഡ്, താന, ദുബൈ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ വെച്ചാണ് സ്‌ഫോടന പരമ്പര സംബന്ധിച്ച ഗൂഢാലോചനകള്‍ നടന്നതെന്നായിരുന്നു സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ദീപക് സാല്‍വിയുടെ വാദം. ഹിന്ദു മുസ്്‌ലിം ഭിന്നിപ്പ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് സ്‌ഫോടനം ആസൂത്രണം ചെയ്തതെന്നും ബോംബുകള്‍, ഡൈനാമൈറ്റ്‌സ്, ഹാ ന്‍ഡ് ഗ്രനേഡ്‌സ്, ആര്‍.ഡി.എക്‌സ് പോലുള്ള മറ്റ് സ്‌ഫോടക വസ്തുക്കള്‍ എന്നിവയാണ് ദൗത്യത്തിനായി ഉപയോഗിച്ചത്. എ.കെ 56 തോക്കുകള്‍, കാര്‍ബിനുകള്‍, പിസ്റ്റളുകള്‍, മറ്റ് മാരകായുധങ്ങള്‍ എന്നിവയും സംഘം ഇന്ത്യയിലേക്ക് കടത്തിയതായി പ്രോസിക്യൂഷന്‍ ആരോപിച്ചു.

SHARE