മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരുമെന്ന് സൂചന

മഹാരാഷ്ട്രയിലെ കോവിഡ് 19 ഹോട്ട്‌സ്‌പോട്ടുകളായ മുംബൈയിലും പുണെയിലും മെയ് മൂന്നിനു ശേഷവും ലോക്ക്ഡൗണ്‍ തുടരേണ്ടി വരുമെന്ന സൂചന നല്‍കി മഹാരാഷ്ട്രാ ആരോഗ്യമന്ത്രി രാജേഷ് ടോപെ. മെയ് മൂന്നിനകം വൈറസ് വ്യാപനം തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്ക്ഡൗണ്‍ നീട്ടേണ്ടി വരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗണിന്റെ ലക്ഷ്യം കൊറോണ വൈറസ് വ്യാപനം തടയുക എന്നതാണ്. അത് സാധ്യമായില്ലെങ്കില്‍ 15 ദിവസത്തേക്കുകൂടി ലോക്ക്ഡൗണ്‍ നീട്ടും. മുംബൈയിലും പുണെയിലും കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുന്നതിനിടെയാണ് പ്രതികരണം. തെലങ്കാന മാത്രമാണ് നിലവില്‍ ലോക്ക് ഡൗണ്‍ മെയ് മൂന്നിനു ശേഷവും തുടരാന്‍ തീരുമാനിച്ചിട്ടുള്ളത്. മെയ് ഏഴുവരെ ലോക്ക് ഡൗണ്‍ നീട്ടുമെന്ന് തെലങ്കാന സര്‍ക്കാര്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

SHARE