മുംബൈ: കോവിഡ് -19 ചികിത്സയിലായിരുന്ന 44 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 34 കാരനായ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മുംബൈയിലെ വോക്ഹാര്‍ട്ട് ആസ്പത്രിയിലെ ഐസിയു വാര്‍ഡില്‍ നടന്ന സംഭവത്തില്‍ ആസ്പത്രിയുടെ പരാതിയെത്തുടര്‍ന്ന് മുംബൈ പോലീസാണ് ഡോക്ടര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
എന്നാല്‍, കൊറോണ വൈറസ് ബാധിച്ചേക്കാമെന്ന ഭയത്താല്‍ പ്രതിയായ ഡോക്ടറെ ചോദ്യം ചെയ്യുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് അഗ്രിപാഡ പൊലീസ് പറഞ്ഞു. പകരം, താനെയിലെ ഒരു അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിലെ വീടിനുള്ളില്‍ ക്വാറന്റൈന് ചെയ്തിരിക്കുകയാണെന്നും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് പറഞ്ഞു.
നവി മുംബൈ മെഡിക്കല്‍ കോളേജില്‍ മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ പ്രതി ഏപ്രില്‍ 30 നാണ് ആസ്പത്രിയില്‍ ജോലിക്കായി എത്തിയത്. മേയ് ഒന്നിന് (വെള്ളിയാഴ്ച) രാവിലെ 9.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു.
അതേസമയം, പ്രതിയെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായി ആശുപത്രി അറിയിച്ചു. ”കഴിഞ്ഞ ദിവസം ജോലിയില്‍ ചേര്‍ന്ന ഡോക്ടര്‍ തന്റെ ആദ്യ ഡ്യൂട്ടിയിലായിരുന്നു. മോശം പെരുമാറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് പ്രോട്ടോക്കോള്‍ അനുസരിച്ച് ഉടന്‍ തന്നെ പൊലീസിനെ അറിയിച്ചു. ഡോക്ടറുടെ സേവനം അവസാനിപ്പിച്ചു,” ഞായറാഴ്ച പ്രസ്താവനയില്‍ പറഞ്ഞു.
ആസ്പത്രിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഐപിസി സെക്ഷന്‍ 377 (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങള്‍), 269, 270 എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തത്. ഏപ്രില്‍ 28, 29 തീയതികളില്‍ നടന്ന ഇന്റര്‍വ്യൂവിനെ തുടര്‍ന്ന് ഏപ്രില്‍ 30ന് ആസ്പത്രിയില്‍ നിയമിതനായ പ്രതി രണ്ടാം ദിവസം തന്നെ കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
ആസ്പത്രിയുടെ പത്താം നിലയിലെ ഐസിയുവിലെ രോഗിയുടെ മുറിയില്‍ പ്രവേശിച്ച പ്രതി ബലപ്രയോഗം നടന്നതായും പരാതിയില്‍ പറയുന്നുണ്ട്. ഡോക്ടര്‍ തന്നെ ആക്രമിച്ചപ്പോള്‍ രോഗി അലാറം പ്രവര്ത്തിപ്പിപ്പിച്ചു സുരക്ഷാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുകയായിരുന്നു.