‘മുഖ്യമന്ത്രിയെപ്പോലെ വ്യക്തിഹത്യ നടത്തിയ മറ്റൊരു നേതാവിനെ കേരളം ഇന്നുവരെ കണ്ടിട്ടില്ല’; പിണറായിക്കെതിരെ മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആരേയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് തന്റെ രാഷ്ട്രീയ ശൈലിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്‌ക്കെതിരായ പരാമര്‍ശം രാഷ്ട്രീയ വിവാദമായതിനു പിന്നാലെയാണ് വിശദീകരണവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.

നിപ്പ പ്രതിരോധ പ്രവര്‍ത്തനത്തില്‍ സ്വന്തം ജീവന്‍ പണയംവച്ച് മുന്‍പന്തിയില്‍ നിന്നു പ്രവര്‍ത്തിച്ച യോദ്ധാക്കളാണ് ഡോക്ടര്‍മാരും നഴ്‌സുമാരും ആശാ അങ്കണവാടി പ്രവര്‍ത്തകരും. അതുകൊണ്ടു തന്നെ അവരാണ് വിജയത്തിന്റെ ശില്‍പ്പികള്‍. ആ വിജയത്തിന്റെ കിരീടം മറ്റാരെങ്കിലും തട്ടിയെടുക്കുന്നത് ശരിയല്ലെന്നാണു താന്‍ പറഞ്ഞതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.

ആരെയും താന്‍ ആക്ഷേപിച്ചിട്ടില്ല. ഏതൊരു മന്ത്രിയും ചെയ്യുന്നതുപോലെ ഗസ്റ്റ് ഹൗസിലും കലക്ട്രേറ്റിലും വന്നുകൊണ്ട് അവലോകനം നടത്തുകയാണ് മന്ത്രി ചെയ്തത്. അത്തരം മോണിറ്ററി പ്രവര്‍ത്തനം നടത്തിയതില്‍ മന്ത്രിയെ അക്കാലത്തു തന്നെ അഭിനന്ദിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഗസ്റ്റ് ആര്‍ട്ടിസ്റ്റ് എന്നു താന്‍ വിശേഷിപ്പിച്ചത്. കോവിഡ് പ്രവര്‍ത്തനങ്ങളുമായി 42 രാജ്യാന്തര ജേണലുകളില്‍ ലോകത്തിനു തന്നെ ഏറ്റവും പ്രശസ്തമായ നിലയില്‍ കേരളമാണെന്ന പ്രചാരണമാണ് സര്‍ക്കാര്‍ നടത്തിയത്. ബ്രിട്ടിഷ് ഗാര്‍ഡിയന്‍ ആരോഗ്യമന്ത്രി റോക്ക് സ്റ്റാര്‍ എന്നാണ് വിശേഷിപ്പിച്ചതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

ആരോഗ്യമന്ത്രിയെ കുറിച്ച് തെറ്റായ ഒരു പദപ്രയോഗവും നടത്തിയിട്ടില്ല. എന്നും സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി നിലകൊണ്ട വ്യക്തിയാണ് താന്‍. സ്ത്രീകളുടെ ഉന്നമനത്തിനും അവകാശപോരാട്ടത്തിനും മുന്നില്‍ നില്‍ക്കുന്ന പൊതുപ്രവര്‍ത്തകനാണ്. അതു കേരളീയ പൊതുസമൂഹത്തിനറിയാം. ഈ അവസരത്തില്‍ എന്നെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്ന സിപിഎം നേതാക്കള്‍ എത്രയോ തവണ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയവരാണ്.

കേരളത്തിലെ ജീവിച്ചിരിക്കുന്ന വന്ദ്യവയോധികയും ഉത്തമ കമ്മ്യൂണിസ്റ്റുമാണ് കെ.ആര്‍.ഗൗരിയമ്മ. കൗരവ സദസില്‍ വസ്ത്രാക്ഷേപത്തിനു വിധേയയായ ദ്രൗപതിയേക്കാള്‍ കടുത്ത പീഡനമാണ് തന്റെ പാര്‍ട്ടിയില്‍ നിന്നു അനുഭവിച്ചതെന്ന് ഗൗരിയമ്മ തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ലതികാ സുഭാഷ്, രമ്യ ഹരിദാസ് ഉള്‍പ്പെടെയുള്ള മഹിളാ കോണ്‍ഗ്രസ് നേതാക്കളെ എത്ര തരംതാണതും മോശവുമായ പദങ്ങളുപയോഗിച്ചാണ് അവഹേളിച്ചത്. മുഖ്യമന്ത്രിയെപ്പോലെ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെതിരായി തുടരെ സ്വഭാവഹത്യ നടത്തിയ നേതാവിനെ ഇന്നുവരെ കേരളം കണ്ടിട്ടില്ല. ഇപ്പോള്‍ തനിക്കെതിരായ പടപ്പുറപ്പാട് കോവിഡ് പ്രതിരോധങ്ങള്‍ പാളിയതിലെ ജാള്യത മറയ്ക്കാനാണ്.

നിപ്പ കാലത്ത് പേരാമ്പ്ര ഉള്‍പ്പെടുന്ന പ്രദേശത്തിന്റെ എംപി എന്ന നിലയ്ക്ക് മണ്ഡലത്തില്‍ തന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. കലക്ടര്‍ വിളിച്ച യോഗത്തില്‍ ഞാന്‍ പങ്കെടുത്തിരുന്നു. എംപി എന്ന നിലയില്‍ തന്റെയും യുഡിഎഫിന്റെയും എല്ലാ സഹകരണവും ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും വാഗ്ദാനം ചെയ്തതാണ്. അന്ന് അതു വളരെ പ്രാധാന്യത്തോടെ തന്നെ മാധ്യമങ്ങള്‍ വാര്‍ത്തയും നല്‍കിയതാണ്.

നിപ്പ പോരാളിയായ ലിനിയുടെ ഭര്‍ത്താവ് തന്നെ കുറിച്ച് ആരോപിച്ചത് തെറ്റാണ്. ലിനിയുടെ ഭര്‍ത്താവിനെ പ്രാദേശിക നേതാവിന്റെ ഫോണില്‍നിന്ന് വിളിച്ചിരുന്നു. ആദ്യം വിളിച്ച പൊതുപ്രവര്‍ത്തകന്‍ താനാണെന്ന് അന്നു സജീഷ് പറഞ്ഞിരുന്നു. ഇപ്പോള്‍ മാറ്റിപറയുന്നത് ശരിയാണോയെന്ന് അദ്ദേഹം സ്വന്തം മനഃസാക്ഷിയോടു ചോദിക്കുന്നാണ് ഉചിതം. ലിനിക്ക് മരണാനന്തര ബഹുമതി നല്‍കണമെന്ന് താനും കെ.സി. വേണുഗോപാലും എം.കെ. രാഘവനും എംപിമാര്‍ എന്ന നിലയില്‍ അന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പറഞ്ഞ കാര്യങ്ങളെല്ലാം നൂറു ശതമാനം സത്യമാണ്. ആരെയും താന്‍ സ്വഭാവഹത്യ നടത്താറില്ല. മ്ലേച്ഛമായ പദപ്രയോഗം എതിരാളിക്കെതിരെ ഉപയോഗിക്കുന്നത് മുഖ്യമന്ത്രിയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.