‘യോഗിയും പിണറായിയും ഒരുപോലെ’; മുല്ലപ്പള്ളി രാമചന്ദ്രന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സംയുക്ത പ്രക്ഷോഭത്തില്‍ സി.പി.എമ്മുമായി സഹകരിക്കാനില്ലെന്ന നിലപാട് ആവര്‍ത്തിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ സിപിഎമ്മിന് ആത്മാര്‍ത്ഥത ഇല്ല. കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് ഉള്‍പ്പടെയുള്ള 57 കോണ്‍ഗ്രസ് നേതാക്കളെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച സംഭവം പ്രാകൃതവും കേട്ടു കേള്‍വിയില്ലാത്തതുമാണ്. ഭരണകൂട ഭീകരതയയുടെ നീചമുഖമാണിത്. യോഗി ആദിത്യനാഥും യെദ്യൂരപ്പയും പിണറായിയും ഒരേ തൂവല്‍ പക്ഷികളാണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. മോദിയെ സന്തോഷിപ്പിക്കാന്‍ വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ജയിലില്‍ അടച്ചതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

കെ.പി.സി.സി പ്രസിഡന്റ് എന്ന നിലയില്‍ താന്‍ പറയുന്നതാണ് പാര്‍ട്ടി നിലപാട്. സിപിഎമ്മുമായി കൈകോര്‍ക്കുന്നത് പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍ വികാരമുണ്ടാക്കും. നിലപാട് മാറ്റണമെങ്കില്‍ പാര്‍ട്ടി യോഗം ചേര്‍ന്ന് തീരുമാനമെടുക്കണം. ഫാസിസ്റ്റ് നിലപാട് തിരുത്താതെ സി.പി.എമ്മുമായി കൈകോര്‍ക്കാന്‍ കോണ്‍ഗ്രസ് തയ്യാറല്ല. അരിയില്‍ ഷുക്കൂര്‍, മട്ടന്നൂരിലെ ഷുഹൈബ്, പെരിയയിലെ ശരത്‌ലാല്‍, കൃപേഷ്, ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്‍ തുടങ്ങിയ എതിര്‍ ശബ്ദമുയര്‍ത്തിയവരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. ഈ സ്റ്റാലിനിസ്റ്റ് സമീപനം അംഗീകരിക്കാന്‍ കഴിയില്ല. മോദിയുടെ അതേ രൂപത്തിലും ഭാവത്തിലുമാണ് പിണറായി പ്രവര്‍ത്തിക്കുന്നത്. മോദി ഫാസിസ്റ്റും പിണറായി സ്റ്റാലിനിസ്റ്റുമാണ്.

ജനസംഘത്തിന്റെ സഹായത്തോടെ ആദ്യ തവണ നിയമസഭയിലെത്തിയ പിണറായി മൃദുഹിന്ദുത്വ സമീപനമാണ് സ്വീകരിക്കുന്നത്. ഫാസിസ്റ്റ് പോരാട്ടത്തിന്റെ നായകരാണെന്ന് തങ്ങളെന്ന് സി.പി.എം പറഞ്ഞാല്‍ അച്ഛുതാനന്ദന്റെ ഭാഷ കടമെടുത്താല്‍ അന്നം തിന്നുവര്‍ക്ക് വിശ്വസിക്കാന്‍ കഴിയില്ലെന്ന് മാത്രമാണ് പറയാനുള്ളത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ ദേശീയ ഐക്യം തകര്‍ത്തത് പിണറായിയും കൂട്ടരുമാണ്. ഇടതുപക്ഷവുമായി തെരഞ്ഞെടുപ്പില്‍ സഹകരിക്കാമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന അന്ന് ആദ്യം സ്വാഗതം ചെയ്തത് താനായിരുന്നു. അതിന് സിപി.എമ്മുമായി പാലമിടുന്നവനെന്നടക്കം ആരോപിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ തിനിക്കെതിരെ ഉണ്ടായ ആക്രമണം മറന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ആര്‍.എസ്.എസ്സുമായി ധാരണ ഉണ്ടാക്കിയെന്ന സി.പി.എം ആരോപണം ശുദ്ധ അസംബന്ധവും ഗീബല്‍സിയന്‍ നുണയുമാണ്. ജനസംഘത്തിന്റെ പിറവി മുതല്‍ സംഘപരിവാരത്തിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. തനിക്ക് ഒന്നും ഒളിച്ചുവെക്കാനില്ല. നിലപാടില്‍ വെള്ളം ചേര്‍ക്കേണ്ട സാഹചര്യവുമുണ്ടായിട്ടില്ല. ഗവര്‍ണര്‍ രാഷ്ട്രീയ അഭിപ്രായം പറയുന്നത് ശരിയല്ല. മോദിക്ക് വേണ്ടി സംസാരിക്കുന്നതിന് വേണ്ടിയല്ല ഗവര്‍ണറെ നിയമിച്ചിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട്ട് പറഞ്ഞു.