ബിനോയിയുടെ ദുബായ് കേസ് പരിഹരിച്ചതിലും ദുരൂഹത; ഇടത് മുന്നണിയുടെ ധാര്‍മികത തകര്‍ന്നെന്ന് മുല്ലപ്പള്ളി

കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരെ ഉയര്‍ന്ന ഗുരുതരമായ ലൈംഗിക ആരോപണത്തില്‍ പ്രതികരണവുമായി കെപിസിസി പ്രസിഡന്റെ മുല്ലപ്പള്ളി രാമചന്ദ്രന്‍.
മക്കളുടെ ചെയ്തികളില്‍ നിസഹായനായ ഒരാള്‍ സി.പി.എമ്മിനെ നയിക്കാന്‍ പ്രാപ്തനാണോയെന്ന് ആ പാര്‍ട്ടിയിലെ പ്രവര്‍ത്തകര്‍ തീരുമാനിക്കട്ടെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. ധാര്‍മികതയുടെ അസ്ഥിവാരം തകര്‍ന്ന നിലയിലാണ് ഇടത് മുന്നണിയിപ്പോള്‍. നേരത്തെ നേതാക്കള്‍ക്ക് തെറ്റുപറ്റിയാല്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ അതിനെതിരെ രംഗത്ത് വരുമായിരുന്നു. എന്നാല്‍ മറ്റുനേതാക്കളുടേയും മക്കള്‍ക്കെതിരെ ആരോപണം നിലനില്‍ക്കുന്നതിനാല്‍ ഇതേകുറിച്ച് മിണ്ടാന്‍ ആരും ധൈര്യപ്പെടുന്നില്ലെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

ബിനോയ് കോടിയേരി വിഷയത്തില്‍ സമഗ്രാന്വേഷണം നടത്താന്‍ പാര്‍ട്ടി തയാറാകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. സമാനമായ വിഷയം കോണ്‍ഗ്രസ് നേതാവിന്റെ മകനെതിരായിരുന്നുവെങ്കില്‍ കേരളത്തില്‍ സി.പി.എം എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമായിരുന്നു. ബിനോയ് കോടിയേരിക്കെതിരെ ആദ്യമായല്ല ഇത്തരമൊരു ആരോപണം വരുന്നത്. സാമ്പത്തിക വിഷയത്തില്‍ നേരത്തെ ദുബായിയില്‍ കേസുണ്ടായിരുന്നു. ഇക്കാര്യം എങ്ങനെ പരിഹരിച്ചുവെന്നതിലും ദുരൂഹത നിലനില്‍ക്കുന്നു. ഇതേകുറിച്ചും അന്വേഷിക്കണമെന്നും മുല്ലപ്പള്ളി കൂട്ടിചേര്‍ത്തു.

ആന്തൂര്‍ നഗരസഭയില്‍ പ്രവാസി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ആരോപണവിധേയയായ മുന്‍സിപ്പല്‍ ചെയര്‍പെഴ്‌സണ്‍ സ്ഥാനം രാജിവെക്കണമെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ നിലനില്‍ക്കുന്നു. സി.പി.എം നേതാക്കളുടെയടക്കം താല്‍പര്യത്തില്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണമുണ്ടായ പശ്ചാത്തലത്തില്‍ അന്വേഷണപരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.