രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിലധികം ഭൂരിപക്ഷത്തോടെ വിജയിക്കും: മുല്ലപ്പള്ളി

മാഹി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മൂന്നു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്വദേശമായ മുക്കാളിയിലെ ചോമ്പാല്‍ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിക്ക് കേരളത്തില്‍ ഒരു സീറ്റുപോലും ലഭിക്കില്ല. പാവങ്ങളുടെയും അടിസ്ഥാന വര്‍ഗ വിഭാഗങ്ങളുടെയും പാര്‍ട്ടിയുടെ നേതാവെന്നു പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന് ശതകോടീശ്വരന്‍മാരുമായാണ് ബന്ധം. സിപിഎം പണക്കൊഴുപ്പിന്റെ രാഷ്ട്രീയമാണ് കളിക്കുന്നത്. ഇക്കാര്യം പാര്‍ട്ടി അണികള്‍ തിരിച്ചറിയണം.
സ്വന്തം നാട്ടില്‍ ആര്‍എസ്എസ്സിനെ പ്രതിരോധിക്കാന്‍ കഴിയാത്ത നേതാക്കളാണ് പിണറായിയും കോടിയേരിയും. ഇവരാണ് രാജ്യത്ത് ആര്‍എസ്എസ്സിനെ നേരിടാന്‍ ഇറങ്ങിയിരിക്കുന്നത്. എല്ലാ കാലത്തും ആര്‍എസ്എസ്സിന് എതിരായ നിലപാട് സ്വീകരിച്ചത് കോണ്‍ഗ്രസ്സാണെന്നും മുല്ലപ്പള്ളി പറഞ്ഞു. ഭാര്യ ഉഷ, മകള്‍ പാര്‍വതി എന്നിവര്‍ക്കൊപ്പമാണ് മുല്ലപ്പള്ളി വോട്ടു ചെയ്യാനെത്തിയത്.

SHARE