യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളില്‍ കൊലയാളികളോ മുതലാളികളോ കോമാളികളോ ഇല്ല : മുല്ലപ്പള്ളി

ന്യൂഡല്‍ഹി: കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ ഭരണ പരാജയത്തിനെതിരെയുള്ള ജനവിധിയായിരിക്കും ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തിലുണ്ടാവുകയെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. യുഡിഎഫിന് അനുകൂലമായ ജനവിധി ഇത്തവണയുണ്ടാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു. കഴിവും കാര്യക്ഷമതയും പ്രതിബദ്ധതയും മാത്രം മാനദണ്ഡമാക്കിയാണ് സ്ഥാനാര്‍ത്ഥികളെ തെരഞ്ഞടുത്തത്. അതല്ലാതെ ഒരു പരിഗണനയുമുണ്ടായിട്ടില്ല. തങ്ങളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ വരണ്യേവര്‍ഗ പ്രതിനിധികളോ കൊലയാളികളോ മുതലാളികളോ കോമാളികളോ ഇല്ല. യുഡിഎഫ് 20ല്‍ 20 സീറ്റുകളും നേടുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വടകരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് താന്‍ തന്നെയാവും. നല്ല ഗൃഹപാഠം നടത്തിയാണ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചത്. ആറു മാസം മുമ്പു തന്നെ ഇതിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിയിരുന്നു.
പരിചയസമ്പത്തുള്ളവരും യുവാക്കളും ചേര്‍ന്നുവെന്നതാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിപ്പട്ടികയുടെ പ്രത്യേകത. വിനയത്തോടെ കേരളീയ സമൂഹത്തിനു മുന്നില്‍ ഈ പട്ടിക സമര്‍പ്പിക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.