മാനസിക രോഗി പ്രയോഗം: മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

പാലക്കാട്: കേരളത്തില്‍ നടന്ന പ്രളയം മനുഷ്യനിര്‍മിതമാണെന്ന് പറയുന്നവര്‍ മാനസിക രോഗികളാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും പ്രസ്താവന പിന്‍വലിച്ച് അദ്ദേഹം മാപ്പുപറയണമെന്നും കെ.പി. സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിത ദുരന്തമാണെന്ന അമിക്കസ്‌ക്യൂരിയുടെ അഭിപ്രായം തന്നെയായിരുന്നു നേരത്തെ യു.ഡി.എഫിന്റേയും അഭിപ്രായം. ഈ സാഹചര്യത്തില്‍ പ്രളയത്തെ കുറിച്ച് ജുഡീഷ്യല്‍കമ്മീഷന്‍ അന്വേഷിക്കണം. പാലക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനവസരത്തില്‍ എന്തും പറയുന്ന സ്വഭാവക്കാരനാണ് മുഖ്യമന്ത്രി. ആ സ്വഭാവം തിരുത്തണം. ഏത് അന്വേഷണത്തിനും തയ്യാറാവുന്നതിനു പകരം മുഖ്യമന്ത്രി എന്തിന് ഒളിച്ചുകളിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു.
പ്രളയത്തിന്റെ പേരില്‍ പിരിച്ച പണം എത്രയെന്ന് വ്യക്തമല്ല. പ്രത്യേക അക്കൗണ്ട് തുടങ്ങണമെന്ന പ്രതിപക്ഷ ആവശ്യവും മുഖ്യമന്ത്രി തള്ളി. നവകേരള നിര്‍മിതിക്ക് ഇറങ്ങി തിരിച്ച സര്‍ക്കാര്‍ എവിടെയുമെത്തിയില്ല. അതിന്റെ രൂപരേഖ തയ്യാറാക്കാന്‍ പോലും സാധിച്ചിട്ടില്ല. പ്രളയ ഫണ്ട് ധൂര്‍ത്തടിക്കുകയാണിപ്പോള്‍ സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

SHARE