യൂണിവേഴ്‌സിറ്റി സംഘര്‍ഷം; പ്രതിഷേധിച്ച് മുല്ലപ്പള്ളിയും എം.എം ഹസനും

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ആക്രമണത്തിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കെ.പി.സി.സി മുന്‍ അധ്യക്ഷന്‍ എം.എം ഹസന്‍. കോളജിലെ എല്ലാം ആയുധ ശേഖരങ്ങളും പിടിച്ചെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കും അക്രമത്തില്‍ പങ്കുണ്ടെന്ന കാര്യം വ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം കോളജ് പ്രിന്‍സിപ്പാളിനെ അറസ്റ്റു ചെയ്യണമെന്നും ആവശ്യപ്പെട്ടു.

യൂണിവേഴ്‌സിറ്റി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ക്യാമ്പസുകളിലെ ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനം ശരിയല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതികരിച്ചു. വിദ്യാര്‍ത്ഥികളെ കയറൂരി വിടരുത്. രാഷ്ട്രീയ നേതൃത്വം വിദ്യാര്‍ത്ഥി നേതാക്കളെ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എസ്.എഫ്.ഐ നേതാവ് പൊലീസിനെ അക്രമിച്ച സംഭവത്തില്‍ ശക്തമായ നടപടി ഉണ്ടായില്ലെന്നും മുല്ലപ്പള്ളി കോഴിക്കോട് പറഞ്ഞു .