മഞ്ചേശ്വരത്ത് വര്‍ഗീയത പ്രസംഗിക്കുന്നു: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുല്ലപ്പള്ളി

കാസര്‍കോട്: തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ഗീയ പ്രസംഗം നടത്തി തമ്മിലടിപ്പിക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ വികസന സംവാദങ്ങളില്‍നിന്നും മുഖ്യമകന്ത്രി ഒളിച്ചോടുകയാണ്. ഭരണ നേട്ടം ഒന്നും പറയാനില്ലാത്ത മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കാസര്‍കോട്ട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷന്‍. സി.പി.എമ്മിന് ശബരിമല വിഷയത്തില്‍ ഏകീകൃത നിലപാടില്ല. അഞ്ച് സ്ഥാനാര്‍ഥികള്‍ക്കും അഞ്ച് നിലപാടാണുള്ളത്. ശബരിമല വിഷയം സംബന്ധിച്ച നിലപാടില്‍ പിണറായി വിജയന്‍ വ്യക്തത വരുത്തണമെന്നും മഞ്ചേശ്വരത്ത് പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി മറ്റിടങ്ങളില്‍ പറ!യുമോ എന്നും മുല്ലപ്പള്ളി ചോദിച്ചു. അഴിമതിയില്‍ മുങ്ങിയ ഭരണമാണ് പിണറായിയുടേത്. പി.എസ്.സി യില്‍ ഉള്‍പ്പടെ കഴിഞ്ഞ ദിവസമുണ്ടായ പിന്‍വാതില്‍ നിയമനം അതാണ് വ്യക്തമാക്കുന്നത്.

മാര്‍ക്ക് കുറഞ്ഞ വര്‍ക്ക് നിയമനം നല്‍കി ജോലി കാത്തു നില്‍ക്കുന്ന യുവജനങ്ങളെ ചതിക്കുകയാണ് സര്‍ക്കാര്‍. വിവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പോലും തയാറാവാത്ത മുഖ്യമന്ത്രിയുടെയും ഓഫിസിന്റെയും നടപടി ജനങ്ങളോടുള്ള കടുത്ത വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു. പ്രാകൃത ഫാസിസ്റ്റ് ഭരണമാണ് കേന്ദ്രത്തില്‍ ബി.ജെ.പിയുടെത്. സാമ്പത്തിക പാടെ തകര്‍ത്ത നിലയിലാണ് വര്‍ത്തമാനത്തിലെ ഇന്ത്യ. ശബരിമല വിഷയം തെരഞ്ഞെടുപ്പ് വിഷയമാക്കുന്ന ബി.ജെ.പി പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുന്നതിന് പകരം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണ്. ശബരിമല വിഷയത്തില്‍ സി.പി.എമ്മിന്റെ മറ്റൊരു പതിപ്പാണ് ബി.ജ.പിയെന്നും വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.