കാഷായം ധരിച്ച ബി.ജെ.പിക്കാര്‍ കല്യാണം കഴിക്കില്ല; പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യും കടുത്ത വിമര്‍ശനവുമായി മുക്തി മോര്‍ച്ച നേതാവ്

റാഞ്ചി: ബിജെപി നേതാക്കള്‍ക്കും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനുമെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് ഹേമന്ത് സോറന്‍. കാഷായ വേഷം ധരിച്ച രാഷ്ട്രീയക്കാര്‍ വിവാഹം കഴിക്കില്ല, പക്ഷേ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. പക്കൂറില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു സോറന്റെ പരാമര്‍ശം. ഝാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സജീവമായ സാഹചര്യത്തിലാണ് സോറന്റെ പരാമര്‍ശം.

കാഷായ വേഷധാരികളായ ബിജെപി പ്രവര്‍ത്തകര്‍ വിവാഹം കഴിക്കുന്നില്ല എന്നതു ശരിതന്നെ. പക്ഷേ അവര്‍ അതേവേഷത്തോടെ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നു. സമീപകാലത്ത് നിരവധി പെണ്‍കുട്ടികളെയാണ് തീകൊളുത്തി കൊല ചെയ്യപ്പെട്ടത്. അപ്പോഴാണ് യുപി മുഖ്യമന്ത്രി യോഗി കാഷായം ധരിച്ച് നാടുചുറ്റുന്നതെന്നും സോറന്‍ ആഞ്ഞടിച്ചു. രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ ബിജെപി സര്‍ക്കാറിന് കഴിയുന്നില്ലെന്നും ക്രിമിനലുകളെയാണ് സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്‌ജെഎംഎംആര്‍ജെഡി സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണ് ഹേമന്ത് സോറന്‍. സംസ്ഥാനത്തെ അവസാന ഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗി ആദിത്യനാഥ് എത്തിയത്.

SHARE