അശ്രഫ് ആഡൂര്‍; സങ്കടത്തിന്റെ ഒരു വലിയ കഥ

വേദന ബാക്കിയാക്കി പോയ കഥാകാരനെ കുറച്ച് മുഖ്താര്‍ ഉദരംപൊയില്‍

മുഖ്താര്‍ ഉദരംപൊയില്‍
വര്‍ഷങ്ങള്‍ക്ക് മുമ്പ് മഞ്ചേരിയിലെ സഹൃദയ ക്യാമ്പുകളില്‍ വെച്ചാണ് അശ്രഫ് ആഡൂരിനെ പരിചയപ്പെടുന്നത്. മുഖത്തും മനസ്സിലും ചിരി നിറച്ചാണ് കണ്ണൂരില്‍ നിന്ന് വരുന്ന സംഘത്തില്‍ അശ്രഫുമുണ്ടാവുക. ഉള്ളില്‍ സങ്കടങ്ങള്‍ നിറയുമ്പോഴാണ് ഏറ്റവും സുന്ദരമായി ഒരാള്‍ക്ക് ചിരിക്കാനാവുകയെന്ന് അശ്രഫിനെ പരിചയമുള്ളവര്‍ക്കറിയാം. സങ്കടമുറിവില്‍ നിന്നടര്‍ന്നുനീറുന്ന ചോര പൊടിയലുകളായിരുന്നല്ലോ അശ്രഫിന്റെ ഓരോ കഥകളും. ജീവിത വേദനകളുടെ വലിയൊരു കീറ് ഇത്തിരി വാക്കുകളില്‍ നമ്മുടെ ഉള്ളിലേക്ക് തീക്കനല്‍ ചൂടായി കോരിയിടുകയായിരുന്നല്ലോ അശ്രഫ് ചെയ്തിരുന്നത്.

അശ്രഫ് എഴുതിയ ഏറ്റവും സങ്കടകരമായ കഥയായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. അശ്രഫിന്റെ കഥകള്‍ വായിച്ചുതുടങ്ങുമ്പോള്‍ അശ്രഫ് ഒരു വാര്‍പ്പുപണിക്കാരനായിരുന്നു. വിശപ്പ് തുന്നിയ ജീവിതത്തില്‍ നിന്ന് ഉമ്മയെ ചോറിനോടുപമിക്കാന്‍ അശ്രഫിനല്ലാതെ മറ്റാര്‍ക്ക് കഴിയും.

പരിയാരം മെഡിക്കല്‍ കോളജില്‍ അദ്ദേഹത്തെ കാണാന്‍ എഴുത്തുകാരനും സുഹൃത്തുമായ റഹ്മാന്‍ കിടങ്ങയത്തോടൊപ്പം പോയിരുന്നു. യാത്രയിലുടനീളം അശ്രഫിന്റെ ചിരിക്കുന്ന മുഖമായിരുന്നു മനസ്സിലുണ്ടായിരുന്നത്. പക്ഷേ ആ കിടപ്പ് കണ്ടപ്പോള്‍ തളര്‍ന്നുപോയി. മെലിഞ്ഞുണങ്ങി എല്ലുംതോലുമായി ഒരാള്‍. ഇത് അശ്രഫ് തന്നെയാണോ എന്ന് വിശ്വസിക്കാനായില്ല. ബോധരഹിതനായി, ഒന്നു ചലിക്കാന്‍ പോലുമാവാതെ, ഉമിനീരുപോലുമിറക്കാനാവാതെ. വല്ലാത്ത കിടത്തം തന്നെ.

ഞാന്‍ അശ്രഫിനെ ഒന്നുതൊട്ടു. തണുത്ത ശരീരത്തില്‍ ജീവന്റെ തുടിച്ച് അനങ്ങാതെ കിടപ്പുണ്ട്. ഞങ്ങളെ തിരിച്ചറിയുന്നുണ്ടോ എന്ന് ആ മുഖത്തേക്ക് നോക്കി. നിശ്ചലനായി അശ്രഫ് കിടക്കുന്നത് ഏറെ നേരം നോക്കി നില്‍ക്കാനാവുമായിരുന്നില്ല. അശ്രഫിന്റെ ഭാര്യ, സങ്കടക്കടല്‍ ഉള്ളിലൊളിപ്പിച്ചിട്ടും തിരയടി ശബ്ദം പുറത്തുകേള്‍ക്കാമായിരുന്നു.

അശ്രഫിന്റെ ചികിത്സാകാര്യങ്ങള്‍ നോക്കിനടത്തുന്ന നല്ല സുഹൃത്ത് അന്‍സാരിക്ക എന്ന ഇയ്യ വളപട്ടണവും കൂടെയുണ്ടായിരുന്നു. ഇയ്യക്ക അശ്രഫിന്റെ കഥ പറഞ്ഞു. സങ്കടത്തിന്റെ ഒരു വലിയ നിശ്വാസം.

അശ്രഫിന്റെ മകന്റെ ഫോണ്‍ വരുമ്പോള്‍ ഇയ്യക്ക വീട്ടിലായിരുന്നു; ധനലക്ഷ്മി ആസ്പത്രി വരെ വരണം. ഉപ്പാക്ക് പിന്ന്യം സുഖൂല്ലാതായി.
അപ്പോള്‍ കണ്ണൂരിലെ പ്രാദേശിക ചാനലില്‍ ജോലി ചെയ്യുകയായിരുന്നു അശ്രഫ്. ജോലിക്കിടയില്‍ തലകറങ്ങി വീണപ്പോഴും ആദ്യം വിളി വന്നത് ഇയ്യക്കാക്കാണ്. ആശുപത്രിയിലെത്തിച്ച് പരിശോധന കഴിഞ്ഞ് പേടിക്കാനൊന്നുമില്ലെന്ന ഡോക്ടറുടെ ആശ്വാസ വാക്കും കേട്ട് വീട്ടില്‍ കൊണ്ടാക്കിയതായിരുന്നു. പക്ഷേ വീണ്ടും അശ്രഫിന് തളര്‍ച്ചയനുഭവപ്പെടുകയായിരുന്നു. രണ്ടു കുട്ടികളുമായി ഭാര്യ ഐ.സി.യു വിനു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്നു.

രോഗം ഗുരുതരമാണെന്നേ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നുള്ളൂ. ആഴ്ചകളോളം മംഗലാപുരത്തെ ചികില്‍സ. എല്ലാ വഴികളും അടഞ്ഞപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക്. രോഗം മസ്തിഷ്‌കാഘാതമാണെന്നു തിരിച്ചറിഞ്ഞിട്ടും പ്രതീക്ഷ കൈവിടാതെ ഭാര്യയും കൂട്ടുകാരും.

അശ്രഫിന്റെ മുഖം ചെരിഞ്ഞുനോക്കുന്നിടക്ക് അശ്രഫിന്റെ ഒരു പുസ്തകമുണ്ടായിരുന്നു. അശ്രഫിന്റെ ചിരിക്കുന്ന മുഖമുള്ള അശ്രഫ് ആഡൂരിന്റെ തിരഞ്ഞെടുത്ത കഥകള്‍. അശ്രഫ് കണ്ണുതുറന്നാല്‍ ആ പുസ്തകം കാണണം. അടങ്ങാത്ത പ്രത്യാശയും പ്രതീക്ഷയുമാണ് ആ പുസ്തകം അശ്രഫിന്റെ ഭാര്യക്കും കൂട്ടുകാര്‍ക്കും. ആരുമില്ലാത്തപ്പോള്‍ അതിലെ കഥകള്‍ അശ്രഫ് കേള്‍ക്കെ വായിച്ചുകൊടുക്കും. പ്രതീക്ഷകള്‍ സിറാത്ത് പാലത്തിലൂടെ നടക്കുമ്പോള്‍ അങ്ങനെ നിസ്സാരമെന്ന് തോന്നാവുന്ന ചില പ്രത്യാശകള്‍ നമ്മളെകൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിക്കും.
അതിനിടെ കൂട്ടുകാര്‍ ചേര്‍ന്ന് അശ്രഫിനൊരു വീടുണ്ടാക്കി. സ്നേഹത്തിന്റെ മധുരം ചേര്‍ത്ത് ഒരു കഥവീട്. അതിനകത്ത് ഒരു വലയി സങ്കടക്കഥയായി, അശ്രഫ് നാല് വര്‍ഷത്തോളം ആ കിടപ്പങ്ങനെ കിടന്നു.

സൗഹൃദത്തിന്റെ വലിയമധുരം കാണിച്ചുതരാനായിരുന്നോ അശ്രഫ് ഇങ്ങനെ മിണ്ടാതെ കിടന്നത്. അശ്രഫ്, നിന്നിലെ നന്മയാണോ ഇത്രയും നല്ല ചങ്ങാതിമാരെ നിനക്ക് തന്നത്. ഇയ്യക്കയെ പോലൊരു ചെങ്ങാതി പോരെ ജീവിതത്തില്‍. വിനോദേട്ടനെ പോലെ, കണ്ണൂരിലെ സഹൃദയരായ എഴുത്തുകാരെപ്പോലെ ജീവിതത്തിലെ സങ്കടങ്ങളെയെല്ലാം മായ്ച്ചുകളയാനും വലിയ സൗഹൃദത്തിന്റെ സൗഭാഗ്യങ്ങള്‍.

ഇയ്യക്കയോട് ഇടക്കിടെ അശ്രഫിനെ കുറിച്ച് തിരക്കാറുണ്ട്. പ്രതീക്ഷ അസ്തമിച്ചിരുന്നു എല്ലാവര്‍ക്കും. അശ്രഫിന്റെ മകന് കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ജോലി ലഭിച്ച വാര്‍ത്തയാണ് അതിനിടക്ക് അശ്രഫുമായി ബന്ധപ്പെട്ട് കേട്ട ഏറ്റവും നല്ല വാര്‍ത്ത.

ഒരാളുടെ മരണം ആശ്വാസമെന്ന് പറയാന്‍ പാടുണ്ടോ എന്നറിയില്ല, പ്രിയ അശ്രഫ്, നിന്റെ മരണം നിന്നെ സംബന്ധിച്ചിടത്തോളമെങ്കിലും വലിയ ആശ്വാസമാണെന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെ സമാധാനിക്കാന്‍ ശ്രമിക്കുമ്പോളും കണ്ണില്‍ വെള്ളം നിറയുന്നതെന്താണ് ചെങ്ങാതീ. പരിപാരം മെഡിക്കല്‍ കോളജില്‍ കണ്ട ‘കോലം’ മറക്കാന്‍ തിരഞ്ഞെടുത്ത കഥകളുടെ കവര്‍ ചിത്രത്തില്‍ നോക്കിയിരിക്കുകയാണ് ഞാന്‍. പ്രിയ സുഹൃത്തേ, എല്ലാ സങ്കടങ്ങള്‍ക്കും ശാന്തിയുണ്ടാവട്ടെ. സമാധാനത്തിന്റെ സ്വര്‍ഗത്തില്‍ ചിരിച്ചുകൊണ്ട് കണ്ടുമുട്ടാനാവട്ടെ.
പ്രാര്‍ഥനകള്‍.

…………………………………………………………………………………………………………………….. മരണത്തിന്റെ മണമുള്ള വീട് ആണ് അശ്രഫിന്റെ ആദ്യ കഥ. പിന്നീട് കരഞ്ഞുപെയ്യുന്ന മഴ, കുഞ്ഞാമന്റെ പുതപ്പ്, മുറ്റമില്ലാത്ത കുട്ടികള്‍, പെരുമഴയിലൂടൊരാള്‍, മരിച്ചവന്റെ വേരുകള്‍ തുടങ്ങി നിരവധി കഥകള്‍ പുറത്തുവന്നു.

മലയാളത്തിന്റെ കഥാകൃത്ത് ടി പത്മനാഭന്റെ പ്രശംസ ഏറ്റുവാങ്ങിയ അശ്രഫിന്റെ കഥകള്‍ പിന്നീട് മുന്‍നിര ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കും ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറി. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പാമ്പന്‍ മാധവന്‍ അവാഡ്. ജീവകാരുണ്യ ടെലിവിഷന്‍ റിപ്പോര്‍ട്ടിനുള്ള എ.ടി ഉമ്മര്‍ മാധ്യമ പുരസ്‌കാരം, കൂടാതെ മുന്നോളം ഡോക്യുമെന്ററികള്‍ ചെയ്യുകയും അവക്ക് അവാഡുകള്‍ ലഭിച്ചിട്ടുണ്ട്. 2015 ഫെബ്രുവരി 23 ന് മാധ്യമപ്രവര്‍ത്തകനായിരിക്കെയാണ് പക്ഷാഘാതം ബാധിച്ചത്. ചികിത്സക്ക് ശേഷവും പൂര്‍ണ്ണമായി ഭേധമാവാത്ത രോഗവുമായി അന്ന് മുതല്‍ അര്‍ദ്ധ ബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു.