ദുബൈ: നാട്ടിലേക്ക് തിരിക്കുംമുമ്പെ പൊന്നു മോനെ മുത്തം കൊടുത്ത് യാത്രയാക്കുമ്പോള്‍ മുഹമ്മദ് നിജാസ് സ്വപ്നത്തില്‍ പോലും ഓര്‍ത്തിരിക്കില്ല ഈ ദുരന്തം. കരിപ്പൂര്‍ വിമാനാപകടത്തില്‍ ഭാര്യയും കുഞ്ഞും നഷ്ടപ്പെട്ട കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി മുഹമ്മദ് നിജാസ് ഭാര്യ ഷാഹിറാ ബാനു മറിച്ചതറിയാതെ ഇന്ന നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്. ദുബായില്‍ സ്വകാര്യബാങ്കില്‍ അക്കൗണ്ടന്റായ നിജാസിനെ മകന് മരിച്ചു, ഭാര്യയ്ക്ക് പരിക്കുണ്ട് എന്ന് പറഞ്ഞാണ് സുഹൃത്തുക്കള്‍ നാട്ടിലേക്ക് യാത്രയാക്കുന്നത്.
ഏഴു വര്‍ഷം നീണ്ട പ്രവാസ ജീവിതത്തിനു ശേഷമാണ് കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസ ഭാവി കരുതി ഭാര്യയെയും കുട്ടികളെയും നാട്ടിലേക്ക് അയക്കാന്‍ നിജാസ് തീരുമാനിച്ചത്. ഷാര്‍ജയിലെ ഫ്ളാറ്റിലായിരുന്നു ഭാര്യയും മൂന്നു മക്കളും അടങ്ങിയ നിജാസിന്റെ കുടുംബം താമസിച്ചിരുന്നത്. അടുത്ത മാസമാണ് യാത്ര നിശ്ചയിച്ചിരുന്നത് എങ്കിലും നാട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഒരു വീട് തരപ്പെട്ടതോടെ വേഗത്തില്‍ യാത്ര തിരിക്കുകയായിരുന്നു.

ഷാഹിറാ ബാനുവും മുഹമ്മദ് അസമും ദുരന്തത്തില്‍ മരിച്ചപ്പോള്‍ മൂത്ത രണ്ടു കുട്ടികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു. നിജാസിന്റെ അവസ്ഥ മനസ്സിലാക്കി സുഹൃത്തുക്കള്‍ നാട്ടിലേക്ക് ടിക്കറ്റ് തരപ്പെടുത്തുകയായിരുന്നു എന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
10 മാസം മുമ്പാണ് സാഹിറാ ബാനുവും മക്കളും ദുബൈയിലേക്ക് അവസാനമായി പോയത്. തിരിച്ചു വരുമ്പോള്‍ ഒരു സര്‍ക്കാര്‍ ജോലി തരപ്പെടുത്തുക എന്ന ലക്ഷ്യവും സാഹിറയ്ക്ക് മുമ്പിലുണ്ടായിരുന്നു. എന്നാല്‍ മണ്ണില്‍ തൊടും മുന്‍പുണ്ടായ അപകടത്തില്‍ എല്ലാ സ്വപ്നവും നിലച്ചു.
ചിത്രങ്ങള്‍ക്ക് കടപ്പാട്- മലയാള മനോരമ