ഇറ്റലിയില്‍ കുടുങ്ങിയവരില്‍ മുഹമ്മദ് മുഹ്‌സീന്‍ എം.എല്‍.എയുടെ ഭാര്യയും

കോവിഡ് 19 പടര്‍ന്നതിനെ തുടര്‍ന്നുണ്ടായ യാത്രാപ്രശ്‌നങ്ങള്‍ മൂലം നാട്ടിലേക്കു വരാനാകാതെ ഇറ്റലിയില്‍ കുടുങ്ങി പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ ഭാര്യയും.കോവിഡ് വ്യാപകമായതിനെ തുടര്‍ന്നു പ്രവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രമേയാവതരണത്തിനു ശേഷമാണു മുഹ്‌സിന്റെ ഭാര്യയും കാമറിനോ സര്‍വകലാശാലയില്‍ ഗവേഷകയുമായ ഷഫക് ഖാസിമിന്റെ കാര്യവും ചര്‍ച്ചയായത്. കാമറിനോയിലെ ഒറ്റമുറിയില്‍ അവരെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. മുറിയില്‍ പുറത്തിറങ്ങാനാവാത്തതിനാല്‍ അവര്‍ക്ക് റോമിലെ വിമാനത്താവളത്തില്‍ എത്താനാവുന്നില്ല. അവിടെനിന്ന് അഞ്ചു മണിക്കൂര്‍വേണം വിമാനത്താവളത്തില്‍ എത്താന്‍. മൂന്ന് ബസ് കയറണം. രോഗം പടര്‍ന്നുപിടിച്ച പ്രദേശങ്ങളിലൂടെവേണം സഞ്ചരിക്കാന്‍.

ഇറ്റലിയില്‍ കുടുങ്ങിക്കിടക്കുന്നവരെ കേരളത്തിലെത്തിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ നിസ്സഹായവസ്ഥയിലാണ്. മുഹ്‌സീന്റെ വേദന കണ്ട് താന്‍ മടുത്തുവെന്ന് പി.സി. ജോര്‍ജ് സഭയില്‍ പറഞ്ഞു. അവരിപ്പോള്‍ വീഡിയോ കോളിലൂടെയാണ് സംസാരിക്കുന്നത്. മുഹ്‌സീന്‍ മന്ത്രി കെ.കെ. ശൈലജയെ കാര്യം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരും നിസ്സഹായവസ്ഥയിലാണ്. ഭാര്യക്ക് ഉടന്‍ വരാന്‍ കഴിയുമെന്നു തോന്നുന്നില്ലെന്നും എയര്‍ ഇന്ത്യ, അലിറ്റാലിയ ഫ്‌ലൈറ്റുകള്‍ മാത്രമാണ് ഇങ്ങോട്ടുള്ളതെന്നും അതില്‍ എയര്‍ ഇന്ത്യയുടേതു മിക്കതും റദ്ദാക്കിക്കഴിഞ്ഞിട്ടുണ്ടെന്നും മുഹ്‌സീന്‍ പറഞ്ഞു.

SHARE