പാരിതോഷികമായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി ഫായിസ്

മലപ്പുറം: പൂവുണ്ടാക്കുന്ന വീഡിയോയിലൂടെ വൈറലായ മലപ്പുറം കുഴിമണ്ണയിലെ മുഹമ്മദ് ഫായിസ് തനിക്ക് പാരിതോഷികമായി കിട്ടിയ പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. മില്‍മ നല്‍കിയ 10313 രൂപയാണ് വിദ്യാര്‍ത്ഥി മലപ്പുറം ജില്ലാ കലക്ടര്‍ വഴി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കുഴിമണ്ണ ഇസ്സത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് ഫായിസ്.

ചെലോല്‍ത് ശര്യാകും, ചെലോല്‍ത് ശര്യാകൂല എന്ന ഫായിസിന്റെ വാചകം മില്‍മ പരസ്യ വാചകമായി ഉപയോഗിച്ചിരുന്നു. ഇതിനാണ് മില്‍മ ഫായിസിന് 10000 രൂപയും സമ്മാനങ്ങളും നല്‍കിയിരുന്നത്.

ഇതേക്കുറിച്ച് മലപ്പുറം ജില്ലാ കലട്കര്‍ പോസ്റ്റ് ചെയ്ത ഫേസ് ബുക്ക് കുറിപ്പ്

#ഫായിസ്_എത്തി_ദുരിതബാധിതർക്ക്_കരുതലുമായി

പൂവുണ്ടാക്കുന്ന വീഡിയോ അപ് ലോഡ് ചെയ്തതിലൂടെ വൈറലായ മലപ്പുറം കുഴിമണ്ണ കുഴിഞ്ഞൊളം പറക്കാട് സ്വദേശി മുഹമ്മദ് ഫായിസ് ഇന്ന് കലക്ടറേറ്റിലെത്തി. തനിക്ക് സമ്മാനമായി ലഭിച്ച 10313 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. ലക്ഷക്കണക്കിന് ആളുകൾ ഈ വീഡിയോ കാണുകയും പതിനായിരത്തിലധികം പേർ ഷെയർ ചെയ്യുകയും ചെയ്തു.

പരാജയത്തിൽ തളരരുതെന്ന ഒരു നല്ല സന്ദേശമാണ് ഫായിസ് നൽകിയത്. മിൽമ ഫായിസിൻ്റെ വാക്കുകൾ പരസ്യത്തിനായി ഉപയോഗിക്കുകയും ഫായിസിന് 10000 രൂപ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. തനിക്ക് ലഭിച്ച സമ്മാനത്തുക ദുരിതാശ്വാസ നിധിയിലേക്ക് നൽകിയതും ഒരു നല്ല മാതൃകയാണ്. തുക കൈമാറിയ ശേഷം ഫായിസ് പറഞ്ഞത്

#ചെലോല്_കൊടുക്കും_ചെലോല്_കൊടുക്കൂല, #എല്ലാരും_കൊടുക്കണന്നാണ്_ൻ്റെ_അയിപ്രായം എന്നാണ്. കുഴിമണ്ണ ഇസ്സത്തുൽ ഇസ്ലാം ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും കുഴിഞ്ഞളം പാറക്കാട് സ്വദേശിയായ അബ്ദുൾ മുനീർ സഖാഫിയുടെയും മൈമൂനയുടെയും മകനാണ് മുഹമ്മദ് ഫായിസ് . ഇന്ന് കളക്ടറേറ്റിൽ എത്തിയ ഫായിസിനൊപ്പം കുറച്ചു സമയം ചെലവഴിക്കാൻ കഴിഞ്ഞു. ഒരു ചെറിയ സമ്മാനവും നൽകിയാണ് ഫായിസിനെ യാത്രയാക്കിയത്. മിടുക്കനാണ് ഫായിസ് , പോലീസ് ആകണം എന്നാണ് ആഗ്രഹം. ആഗ്രഹം സഫലീകരിക്കാൻ ഫായിസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.

#മലപ്പുറം_സൂപ്പറാ

SHARE