പി.കെ ശശി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി

പാലക്കാട്: പി.കെ ശശി എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ നിന്ന് എം.ടി വാസുദേവന്‍ നായര്‍ പിന്‍മാറി. സംസ്ഥാന സര്‍ക്കാറിന്റെ സര്‍ഗവിദ്യാലയം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങില്‍ നിന്നാണ് എം.ടിയുടെ പിന്‍മാറ്റം. ലൈംഗികാരോപണം നേരിടുന്ന വ്യക്തിക്കൊപ്പം വേദി പങ്കിടാനില്ലെന്ന് വ്യക്തമാക്കിയാണ് എം.ടിയുടെ പിന്‍മാറ്റം.

പാലക്കാട് വെള്ളിനേഴി ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ് പരിപാടി നടക്കുന്നത്. പി.കെ ശശിയാണ് പരിപാടിയുടെ അധ്യക്ഷന്‍. സര്‍ഗ വിദ്യാലയത്തിന്റെ ഉദ്ഘാടനം എം.ടിയാണ് നിര്‍വഹിക്കേണ്ടിയിരുന്നത്. പ്രവര്‍ത്തനോദ്ഘാടനം മന്ത്രി സി.രവീന്ദ്രനാഥും നിര്‍വഹിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പരിപാടിയില്‍ പങ്കെടുക്കാനാവില്ലെന്ന് എം.ടി സംഘാടകരെ അറിയിക്കുകയായിരുന്നു.

SHARE