മലയാളത്തിന്റെ പ്രീയസാഹിത്യകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് കുഞ്ഞാലികുട്ടി

മലയാളത്തിന്റെ പ്രീയ എഴുത്തുകാരന്‍ എംടിക്ക് ജന്മദിനാശംസ നേര്‍ന്ന് പി,കെ കുഞ്ഞാലികുട്ടി. എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്‌പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു. പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു എന്ന് കുഞ്ഞാലികുട്ടി.

മലയാളത്തിന്റെ അക്ഷര സന്പത്തും , വാക്കുകളിലെ തീക്ഷ്ണതയും, വൈകാരികതയുമെല്ലാം ഊറ്റിക്കുറുക്കി അക്ഷരങ്ങളാക്കി നമ്മിലേക്ക് പകര്‍ന്നു നല്‍കിയ മഹാനായ എഴുത്തുകാരനാണ് ശ്രീ എം ടി വാസുദേവന്‍ നായര്‍ എന്നും കുഞ്ഞാലികുട്ടി ഫേസ്ബുക്കല്‍ കുറിച്ചു.

എം ടി കഥകള്‍ വായിച്ചും ആസ്വദിച്ചും അതിലെ കഥാപാത്രങ്ങളെ മനസ്സില്‍ കൊണ്ടു നടന്നും വളര്‍ന്നു വന്ന ഒരു കാലം ഓര്‍ക്കുകയാണ്.
വൈദ്യുതീകരിക്കാത്ത എന്റെ പഴയ തറവാട്ടു വീട്ടിലെ ഇരുള്‍ പരന്ന മുറികളിലിരുന്ന് ‘കാല’ ത്തിലെ സേതുവിന്റെ ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയത്.. സ്‌കൂള്‍ കാലത്ത് കൂടെ പഠിച്ച കൂട്ടുകാര്‍ക്കിടയില്‍ എംടിയുടെ കഥാപാത്രമായ അപ്പുണ്ണിയെ തെരഞ്ഞത്.നാലുകെട്ട് നല്‍കിയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത.്

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നിളയുടെ ഓളങ്ങളുടെ താളമാണ് എം ടി യുടെ രചനകള്‍ക്കെല്ലാം..ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ കാണാന്‍ സാധിച്ച മഹാഭാഗ്യവുമായി മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ നാളെ ശതാഭിഷേകനാവുകയാണ്.
മലയാളത്തിന്റെ അക്ഷര സന്പത്തും , വാക്കുകളിലെ തീക്ഷ്ണതയും, വൈകാരികതയുമെല്ലാം ഊറ്റിക്കുറുക്കി അക്ഷരങ്ങളാക്കി നമ്മിലേക്ക് പകര്‍ന്നു നല്‍കിയ മഹാനായ എഴുത്തുകാരനാണ് ശ്രീ എം ടി വാസുദേവന്‍ നായര്‍. ഏത് മലയാളിയേയും പോലെ അദ്ദേഹത്തിന്റെ കൃതികളുടെ വലിയ ആസ്വാദകനാണ് ഞാനും.
എം ടി കഥകള്‍ വായിച്ചും ആസ്വദിച്ചും അതിലെ കഥാപാത്രങ്ങളെ മനസ്സില്‍ കൊണ്ടു നടന്നും വളര്‍ന്നു വന്ന ഒരു കാലം ഓര്‍ക്കുകയാണ്.
വൈദ്യുതീകരിക്കാത്ത എന്റെ പഴയ തറവാട്ടു വീട്ടിലെ ഇരുള്‍ പരന്ന മുറികളിലിരുന്ന് ‘കാല’ ത്തിലെ സേതുവിന്റെ ആത്മ സംഘര്‍ഷങ്ങളിലൂടെ കടന്ന് പോയത്.. സ്‌കൂള്‍ കാലത്ത് കൂടെ പഠിച്ച കൂട്ടുകാര്‍ക്കിടയില്‍ എംടിയുടെ കഥാപാത്രമായ അപ്പുണ്ണിയെ തെരഞ്ഞത്.നാലുകെട്ട് നല്‍കിയ സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ ബോധ്യപ്പെട്ടത്..
വാക്കുകളിലൂടെ അദ്ദേഹം വരച്ചിട്ട രൂപങ്ങളും, ഭാവങ്ങളും, വേദനകളും, ചിന്തകളും, പരിഭവങ്ങളും രണ്ടു തലമുറകള്‍ പിന്നിട്ട് മൂന്നാം തലമുറയിലേക്കും പടരുകയാണ് . മലയാളത്തിന്റെ ബോധധാരയില്‍ അദ്ദേഹം ചേര്‍ത്തു കെട്ടിയ ഭാവനകളും ചിന്തകളും മറ്റൊരു എഴുത്തുകാരനും ചെലുത്താന്‍ കഴിയുന്നതിനപ്പുറം സ്വാധീനം ഉള്ളവയായിരുന്നു. എം ടി യുടെ തിരക്കഥകളും മലയാളികളെ ഏറെ സ്വാധീനിച്ചിട്ടുണ്ട്.
മലപ്പുറത്തിന്റെയും മലബാറിന്റെയും നന്മകളും അവിടത്തെ പച്ചയായ മനുഷ്യരുടെ ജീവിത താളങ്ങളും കേരളത്തിന്റെ പൊതു സമൂഹത്തിന് മനസ്സിലാക്കുന്നതിന് എംടി യുടെ രചനകള്‍ സഹായകമായി.
എം ടിക്ക് മുന്നില്‍ മലയാള വാക്കുകള്‍ കൂടിച്ചേരുന്‌പോള്‍ അത് ഒരു സംഗീതവും, സുഖമുള്ള ചിത്രങ്ങളും ആവുകയായിരുന്നു.
പ്രിയപ്പെട്ട എം ടി ക്ക് ആരോഗ്യവും ദീര്‍ഘായുസ്സും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു. ശതാഭിഷേകത്തിന്റെ നിറവില്‍ എല്ലാ ഭാവുകങ്ങളും അദ്ദേഹത്തിന് നേരുന്നു.