തൃശ്ശൂര്‍: പ്ലസ് ടു പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ എംഎസ്എഫ് നടത്തിയ പ്രതിഷേധ സമരം ശ്രദ്ധേയമായി. ടോര്‍ച്ചും മൊബൈല്‍ ലൈറ്റുകളും തെളിച്ച് കവലകളില്‍ പ്രതീകാത്മകമായി ഉത്തരക്കടലാസുകള്‍ തിരഞ്ഞായിരുന്നു സമരം. മണലൂര്‍ നിയോജകമണ്ഡലം കമ്മറ്റി വാടാനപ്പള്ളിയില്‍ നടത്തിയ സമരം മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് സി.എ മുഹമ്മദ് റഷീദ് ഉദ്ഘാടനം ചെയ്തു.
പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തരകടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പിന് തുടക്കം മുതല്‍ സംഭവിച്ചത് ഗുരുതര വീഴ്ച്ചയാണെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം ജൂലൈ പത്താം തീയതി പ്രഖ്യാപിക്കാനിരിക്കെയാണ് 61 വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകളെ കുറിച്ച് ഒരു വ്യക്തതയും ഇല്ലാത്തത്. കാണാതായ ഉത്തരക്കടലാസുകള്‍ 25 ദിവസമായിട്ടും കണ്ടെത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടില്ല. ഇക്കാര്യത്തില്‍ തപാല്‍ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇരുട്ടില്‍ തപ്പുകയാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.
എംഎസ്എഫ് മണലൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് ഫര്ഹാന് പാടൂര്‍ അധ്യക്ഷതവഹിച്ചു. യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എഎം സനൗഫല്‍ മുഖ്യപ്രഭാഷണം നടത്തി. എംഎസ്എഫ് ജില്ലാ സെക്രട്ടറി സി.എ സല്മാന്, മണ്ഡലം ജനറല്‍ സെക്രട്ടറി ആര്.എച്ച് ഹാഷിം, മിസ്ഹബ് തങ്ങള്‍, പി.എസ് ഷറഫുദ്ദീന്, വി.എം മുഹമ്മദ് സമാന്, പി.എ സുഹൈല്‍, കെ.എസ് ഹുസൈന്, എ.വൈ ഹര്‍ഷാദ്, പി.എ അഫ്സല് പ്രസംഗിച്ചു
ചേലക്കര നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിച്ച സമരം മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി.എം അമീര്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ വിദ്യാര്‍ത്ഥി വിരുദ്ധ സര്‍ക്കാരാണ് ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് രണ്ട് മന്ത്രിമാര്‍ ഉണ്ടായിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് റംഷാദ് പള്ളം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ കെ.വൈ അഫ്സല് അധ്യക്ഷത വഹിച്ചു. അന്‍സാര്‍ മുള്ളൂര്‍കര, ഹാരിസ് ഉദുവടി നേതൃത്വം നല്കി.
എംഎസ്എഫ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മറ്റി മാളയില്‍ സംഘടിപ്പിച്ച സമരം ജില്ലാ പ്രസിഡന്റ് എസ്.എ. അല്‍റെസിന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്ത് സര്‍ക്കാരിന് നല്ല പേരുണ്ടാക്കിയെടുക്കുന്ന ധൃതിക്കിടയില്‍ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ക്ക് ടോയ്ലറ്റ് പേപ്പറിന്റെ വില പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി എം.ഐ സകരിയ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് യൂസഫ് പടിയത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് മാള പഞ്ചായത്ത് പ്രസിഡന്റ് സെയ്തുമുഹമ്മദ് മാരേക്കാട്, ഹാഷിം മാള, നിസാര്‍ വടമ, മുഹമ്മദ് ബിലാല്‍, സുള്‍ഫിക്കര്‍, അലി അക്ബര്‍, മനാഫ്, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.
ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മറ്റി ചാവക്കാട് നടത്തിയ സമരം എംഎസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ആരിഫ് പാലയൂര്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വിഷയത്തില്‍ നിരന്തരമായിട്ടുള്ള സര്‍ക്കാരിന്റെ അനാസ്ഥകള്‍ കാരണം വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം വഴിമുട്ടുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിയോജക മണ്ഡലം പ്രസിഡണ്ട് എം.എസ് സ്വാലിഹ് അധ്യക്ഷത വഹിച്ചു. എന്‍.എച്ച് ഹിഷാം, ബിലാല്‍ ഒരുമനിയൂര്‍, മുഹ്സിന് മാളിയേക്കല്‍, ഉമര്‍ ഹിര്‍മാസ്, ഷുഹൈബ് ഷെരീഫ്, ബാസില്‍, കെ.എം ജിംഷാദ്, സി.എം നജീബ് സംസാരിച്ചു.