ചട്ടങ്ങള്‍ മറികടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ നേതാവിന് മാര്‍ക്ക് ദാനം; എംഎസ്എഫ് പരീക്ഷ ഭവന്‍ ഉപരോധിച്ചു

തേഞ്ഞിപ്പലം : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ എസ്.എഫ്.ഐ നേതാവും ഇപ്പോള്‍ കോഴിക്കോട് ജില്ലാ ഡി.വൈ.എഫ്.ഐ കമ്മിറ്റി അംഗവും യൂണിവേഴ്‌സിറ്റിയിലെ താത്കാലിക ആദ്ധ്യാപികയുമായ വ്യക്തിക്ക് വേണ്ടി സിന്‍ഡിക്കേറ്റ് ചട്ടങ്ങള്‍ മറികടന്ന് മാര്‍ക്ക് ദാനം നല്‍കിയതില്‍ പ്രതിഷേധിച്ച് എംഎസ്എഫ് പരീക്ഷ ഭവന്‍ ഉപരോധിച്ചു.

സര്‍വകലാശാലയില്‍ വരാനിരിക്കുന്ന അദ്ധ്യാപക നിയമനത്തില്‍ എസ്എഫ്‌ഐ നേതാവിനെ നിയമിക്കുന്നതിന് വേണ്ടിയാണ് സര്‍വകലാശാലയും, സിന്‍ഡിക്കേറ്റും മാര്‍ക്ക് ദാനം നടത്തിയിരിക്കുന്നത്. അനധികൃതമായി ദാനം നല്‍കിയ മാര്‍ക്ക് പിന്‍വലിക്കുക, മാര്‍ക്ക് ദാനത്തിന് കൂട്ട് നിന്ന എച്ച്. ഒ.ഡി, പരീക്ഷാഭവന്‍ ഉദ്യോഗസ്ഥര്‍, പരീക്ഷ കണ്‍ട്രോളര്‍ എന്നിവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എംഎസ്എഫ് സംസ്ഥാന ഭാരവാഹികള്‍ യൂണിവേഴ്‌സിറ്റി പരീക്ഷ ഭവന്‍ ഉപരോധിച്ചത്. സിന്‍ഡിക്കേറ്റ് അംഗം ഡോ. പി റഷീദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസ്സമദ്, ഭാരവാഹികളായ ഫാരിസ് പൂക്കോട്ടൂര്‍, കെഎം ഫവാസ്, കബീര്‍ മുതുപറമ്പ, വിഎ വഹാബ്, ടിപി നബീല്‍, നിസാം ചേളാരി, അലി ചേലേമ്പ്ര തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

SHARE