കേരളത്തിലെ ബിവറേജ് ഔട്‌ലെറ്റുകള്‍ അടച്ചിടണം: എം.എസ്.എഫ്

കോഴിക്കോട്: സംസ്ഥാനത്ത് കോവിഡ് 19 എന്ന മഹാരോഗം പടര്‍ന്നുപിടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിനായി ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്ന നടപടിക്രമങ്ങളെല്ലാം ഒരു ജനതയുടെ അതിജീവനത്തിന് വേണ്ടി പൂര്‍ണ്ണ മനസ്സോടെ സ്വീകരിക്കാന്‍ തയ്യാറായവരാണ് മലയാളികള്‍. പൊതുസ്ഥലങ്ങളില്‍ അഞ്ചില്‍ കൂടുതല്‍ ആളുകള്‍ നില്‍ക്കാതെയും, വിദേശത്ത് നിന്ന് വന്നവര്‍ പുറത്തു വരാതെയും പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കാതെയും, വിദ്യാഭ്യാസ മേഖല അമ്പാടെ നിശ്ചലമാക്കിയും വളരെ ഗൗരവത്തിലാണ് രോഗ പ്രതിരോധ പ്രവവര്‍ത്തനങ്ങള്‍ നടത്തുന്നത്. കേരളത്തില്‍ 95 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളം അസാധാരണമായ കരുതല്‍ നടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ്. .

വെള്ളിയാഴ്ച ജുമുഅ നിസ്‌ക്കാരം പോലും ഒഴിവാക്കി പള്ളികള്‍ പല പ്രദേശങ്ങളിലും അടച്ചിട്ടു. ചര്‍ച്ചുകളില്‍ ഞായറാഴ്ച നടക്കാറുള്ള കുര്‍ബാനകളും ഒഴിവാക്കി. ആരാധനാ കേന്ദ്രങ്ങളിലേക്ക് ആളുകളുടെ ഒഴുക്ക് തടയുന്നതിനായി മതമേധാവികള്‍ പ്രത്യേകമായ നിര്‍ദേശങ്ങളാണ് നല്‍കിയിട്ടുള്ളത്. പക്ഷെ ഈ സമയത്തും മദ്യ മുതലാളിമാരെ തൃപ്തിപ്പെടുത്തുകയും കള്ളുഷാപ്പ് ലേലം നടത്തുകയും ചെയ്യുകയാണ് പിണറായി സര്‍ക്കാര്‍. ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കള്ളുഷാപ്പുകള്‍ അടച്ചിടുകയും ബീവറേജ് ഔട്‌ലറ്റുകള്‍ തുറന്ന് സമൂഹ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയും ചെയ്യും എന്ന വിചിത്രമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. വിദ്യാലയങ്ങളും മതസ്ഥാപനങ്ങളും ലോക് ഡൗണ്‍ ചെയ്തവര്‍ മദ്യസേവ ലോക് ഡൗണ്‍ ചെയ്യാത്തത് ഒരു തരത്തിലും നീതീകരിക്കാന്‍ സാധ്യമല്ലെന്നും ,പ്രത്യേക സാഹചര്യം കണക്കിലെടുത്ത് താത്കാലികമായെങ്കിലും ബീവറേജ് ഔട്‌ലറ്റുകള്‍ അടച്ചിടണമെന്നും എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസും ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂരും ആവശ്യപ്പെട്ടൂ

SHARE