അഭിമന്യു രക്ത സാക്ഷിയായിട്ട് 676 ദിവസം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന കത്തുമായി എ.പി അബ്ദുസമദ്

മഹാരാജാസ് കോളേജിന്റെ കവാടത്തിന് മുമ്പില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കുത്തേറ്റ് മരിച്ച അഭിമന്യുവിന്റെ ജന്മദിനത്തില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന കത്തുമായി എംഎസ്ഫ് സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്.

കത്തിന്റ പൂര്‍ണ്ണരൂപം വായിക്കാം…

എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിക്ക് ഒരു തുറന്ന കത്ത്

പ്രിയ സഖാവെ…
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണല്ലോ സഖാവ് അഭിമന്യുവിന്റെ ജന്മദിനം കഴിഞ്ഞു പോയത്. 2018 ജൂലൈ മാസം 2 ന് രാത്രി 10 മണിയോട് അടുത്ത സമയം കൃത്യമായി പറഞ്ഞാല്‍ 676 ദിവസങ്ങള്‍ക്ക് മുമ്പ് എറണാകുളം മഹാരാജാസ് കോളേജിന്റെ കവാടത്തിന് മുമ്പില്‍ ചുമരെഴുത്തുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ പോപ്പുലര്‍ ഫ്രണ്ടുകാരുടെ കുത്തേറ്റാണല്ലോ സഖാവ് അഭിമന്യു രക്ത സാക്ഷിയാകുന്നത്.

ഷുക്കൂറിനെയും ഷുഹൈബിനെയും കൃപേഷിനേയും ശരത് ലാലിനെയും കൊന്നവരെ സംരക്ഷിക്കുന്നതിനായി അങ്ങയുടെ മാതൃസംഘടന നേതൃത്വം നല്‍കുന്ന സര്‍ക്കാറിന്റെ ഖജനാവില്‍ നിന്നും കോടികള്‍ ചെലവഴിക്കുമ്പോള്‍ സഖാവ് അഭിമന്യുവിന്റെ പേരില്‍ പൊതുജനങ്ങളില്‍ നിന്നും എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പിരിച്ച കോടികള്‍ കൊണ്ട് കാക്കക്ക് കാഷ്ഠിക്കാന്‍ സ്മാരകം പണിതത് ഒഴിച്ചു നിര്‍ത്തിയാല്‍ അഭിമന്യു കൊലക്കേസിലെ മുഖ്യ പ്രതി സഹലിനെ പിടികൂടാത്ത കേരള പോലീസിന്റെ പിടിപ്പുകേടിനെതിരെ താങ്കളും സംഘടനയും എന്ത് നിലപാടാണ് സ്വീകരിച്ചത്.?

താങ്കള്‍ക്ക് അറിയുന്നത് പോലെ ഇടുക്കി ജില്ലയിലെ വട്ടവടയിലെ പാവപ്പെട്ട തോട്ടം തൊഴിലാളികളായ മനോഹരന്റെയും ഭൂപതിയുടെയും മകനായി ജനിച്ച അഭിമന്യു കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ സഹായവുമായി പിതാവിനെ സമീപിച്ചപ്പോള്‍ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ച പിതാവിനോട് നീതി പുലര്‍ത്താന്‍ പാര്‍ട്ടിക്കും ഭരണകൂടത്തിനും കഴിഞ്ഞോ ? മകന്‍ കൊല്ലപ്പെട്ട സന്ദര്‍ഭത്തില്‍ ഹൃദയം പൊട്ടിതേങ്ങി ‘നാന്‍ പെറ്റ എന്‍ മകനേ.. ‘എന്ന അമ്മയുടെ കരച്ചില്‍ ഇന്നും മലയാളികളുടെ കര്‍ണ്ണപടങ്ങളില്‍ മുഴങ്ങുന്നുണ്ട്.

അഭിമന്യുവിന്റെ രക്തം കൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആവേശം സൃഷ്ടിച്ച് പാര്‍ട്ടി വളര്‍ത്താന്‍ സിനിമ പിടിച്ചപ്പോള്‍ കാണിച്ച ആവേശത്തിന്റെ ഒരു ശതമാനം കൊലചെയ്ത പോപ്പുലര്‍ ഫ്രണ്ടുകാരെ പിടിക്കാന്‍ താങ്കളുടെ കണ്‍കണ്ട ദൈവമായ ആഭ്യന്തരമന്ത്രി പിണറായി വിജയന് സാധിക്കാത്തത് എന്തുകൊണ്ടാണ്?

കണ്ണൂരിലെ കൊലപാതക കേസുകളില്‍ പ്രതികളായ പാര്‍ട്ടി നേതാക്കളെ രക്ഷിക്കാനുള്ള ഒത്തുകളിയാണ് പിന്നില്‍ എന്ന് പറഞ്ഞുകേള്‍ക്കുന്നത് സത്യമാണെന്നാണോ കേരളം വിശ്വസിക്കേണ്ടത്? രക്തസാക്ഷിയുടെ ചോരയെ ഒറ്റിക്കൊടുക്കുന്ന പിണറായി വിജയനോട് എസ്.എഫ്.ഐക്ക് എന്താണ് പറയാനുള്ളത് ?

ആമസോണ്‍ കാടുകളില്‍ തീപടരുന്നത് പോലും യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യുന്ന നിങ്ങള്‍ക്ക് സ്വന്തം സഖാവിന്റെ ജീവനെടുത്തവരെ അറസ്റ്റ് ചെയ്യാന്‍ ഇരട്ടച്ചങ്കുണ്ടെന്ന് നിങ്ങള്‍ അവകാശപ്പെടുന്ന തമ്പുരാന്‍ കൈകാര്യം ചെയ്യുന്ന ആഭ്യന്തരവകുപ്പിന് സാധിക്കുന്നില്ലെങ്കില്‍ അറബിക്കഥയിലെ ക്യൂബാ മുകുന്ദനെപ്പോലെ പാര്‍ട്ടി ആപ്പീസിന്റ ബാത്ത്റൂമില്‍ കയറിയെങ്കിലും ഒന്ന് മുഷ്ടി ചുരുട്ടി പ്രതിഷേധിക്കാന്‍ നിങ്ങള്‍ക്ക് ആവുന്നില്ലെങ്കില്‍ പിന്നെ എന്ത് വിപ്ലവമാണ് സഖാവേ നിങ്ങള്‍ സംസാരിക്കുന്നത് എന്ന് അറിയാന്‍ താല്‍പര്യമുണ്ട്.