സെക്രട്ടേറിയേറ്റിന് മുൻപിൽ എം.എസ്.എഫ് സമരപ്പകൽ നാളെ

കോഴിക്കോട്: മാർക്ക് ദാനത്തിലൂടെ ഉന്നത വിദ്യാഭ്യാസത്തിന്റെ വിശ്വാസ്യത തകർത്ത മന്ത്രി കെ.ടി ജലീൽ രാജിവെക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് എം.എസ്.എഫ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ നാളെ സെക്രട്ടേറിയറ്റ് പരിസരത്ത് സമരപ്പകൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി എം.പി.നവാസ് എന്നിവർ അറിയിച്ചു.

എം ജി സർവകലാശാലയിലെ മാർക്ക് ദാനം, കേരള സാങ്കേതിക സർവകലാശാലയിലെ അനധികൃത ഇടപെടൽ, കേരളത്തിലെ സർവ്വകലാശാലകളിലെ അക്കാദമിക കാര്യങ്ങളിൽ ഉള്ള രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ എല്ലാ വിഷയങ്ങളിലും മന്ത്രിയുടെയും മന്ത്രി ഓഫീസിന്റെയും ഭാഗത്തു നിന്ന് ഗുരുതരമായ വീഴ്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്.സർവകലാശാലകളുടെ ഭരണപരമായ കാര്യങ്ങൾക്കൊപ്പം അക്കാദമിക കാര്യങ്ങളിലും മന്ത്രിയുടെ അനാവശ്യമായ ഇടപെടൽ അവസാനിപ്പിക്കാൻ മുഖ്യമന്ത്രി മൗനം വെടിയേണ്ടതാണ്.

മാർക്ക് ദാനം പിൻവലിച്ചത് കൊണ്ട് മാത്രം മന്ത്രിക്കിതിൽ നിന്നും തടിയൂരാൻ കഴിയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരം കുറയ്ക്കാനും സർവകലാശാല സർട്ടിഫിക്കറ്റുകളുടെ വിശ്വസ്തത നഷ്ടപ്പെടാനും മന്ത്രിയുടെ ഈ അനാവശ്യ ഇടപെടൽ കാരണമാകുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന സ്വജന പക്ഷപാതത്തിനും പാർട്ടിവത്കരണത്തിനുമെതിരെ നടപടിയെടുക്കുക, മന്ത്രിക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ തയ്യാറാകുക, സർക്കാർ-എയ്ഡഡ് കോളേജുകളിലെ ഡിഗ്രി-പി ജി കോസ്‌സുകളുടെ ഫീസ് വർദ്ധനവ് നടപ്പിലാക്കാനുള്ള ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറുക തുടങ്ങിയ
ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങൾക്ക് എം.എസ്.എഫ് നേതൃത്വം നൽകും.

SHARE