ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി ഉത്തരം പറയണം; പി.കെ നവാസ്

മലപ്പുറം: പ്ലസ് ടു കണക്ക് പരീക്ഷയുടെ ഉത്തര പേപ്പര്‍ കാണാതായ സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരം പറയണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പി കെ നവാസ്. ചെമ്മാട് നടന്ന കേരളം ഉത്തരക്കടലാസുകള്‍ തിരയുന്നു എന്ന
എംഎസ്എഫിന്റെ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗുരുതരമായ വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത്. കാണാതായ ഉത്തരക്കടലാസുകളെ സംബന്ധിച്ച് നടന്ന അന്വേഷണം ഒരു തരിമ്പ് പോലും മുന്നോട്ട് പോയില്ല എന്നത് വിദ്യാഭ്യസ മന്ത്രിയുടെ കഴിവ് കേടാണ്. കൊറോണ വൈറസ് ബാധ നേരിട്ടുകൊണ്ടിരിക്കുന്ന സമയത്ത് വിദ്യാര്‍ത്ഥികളുടെ ജീവന്‍ അപകടത്തിലേക്ക് തള്ളിവിട്ട് ഹയര്‍ സെക്കന്ററി പരീക്ഷ പ്രഖ്യാപിച്ചപ്പോള്‍ പരീക്ഷയോടൊപ്പം സ്വന്തം ജീവന്റെ പ്രതിസന്ധി നേരിട്ടവരോടാണ് സര്‍ക്കാര്‍ ഈ ചതി ചെയ്തിരിക്കുന്നത്

ഉത്തരപേപ്പറുകള്‍ എങ്ങനെ സംരക്ഷിക്കണമെന്ന വ്യക്തമായ മാനദണ്ഡം ഈ സംസ്ഥാനത്തെ വിദ്യാഭ്യാസ വകുപ്പിന് ഉണ്ടെന്നിരിക്കെ എങ്ങനെയാണ് ഈ വീഴ്ച്ച സംഭവിച്ചതെന്ന് പറയേണ്ട ബാധ്യത വിദ്യാഭ്യാസ മന്ത്രിക്കുണ്ട്. ഇനിയും മൗനം നടിക്കാനാണ് മന്ത്രിയുടെ ഭാവമെങ്കില്‍ സമരപോരാട്ടങ്ങള്‍ അരങ്ങേറാന്‍ അരനിമിഷം പോലും ഞങ്ങള്‍ക്ക് വേണ്ടി വരില്ലെന്ന് മന്ത്രി ഓര്‍മ്മയില്‍ വെക്കുന്നത് നന്നായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.എസ്.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് മന്‍സൂര്‍ ഉള്ളണം അധ്യക്ഷത വഹിച്ചു.ഷരീഫ് വടക്കയില്‍, പി അലി അക്ബര്‍, യു.എ റസാഖ്, എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഫവാസ് പനയത്തില്‍, നവാസ് ചെറമംഗലം, ഷാമില്‍ മുണ്ടശ്ശേരി, ഉസ്മാന്‍ വെള്ളിയാമ്പുറം എന്നിവര്‍ സംസാരിച്ചു.

SHARE