കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തിലേക്കുള്ള എം.എസ്.എഫ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തേഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിവേഴ്‌സിറ്റിയില്‍ അഫിലിയേറ്റ് ചെയ്ത സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരുടെ തെരഞ്ഞെടുപ്പ് വോട്ടവകാശം നീക്കം ചെയ്ത് ബൈലോ ഭേദഗതി ചെയ്യാനുള്ള സിന്‍ഡിക്കേറ്റിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച യൂണിവേഴ്‌സിറ്റി മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. നൂറ് കണക്കിന് പ്രവര്‍ത്തകരുമായി സോളിഡാരിറ്റിക്ക് മുന്‍പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെനറ്റ് ഹൗസിന്റെ നൂറ് മീറ്റര്‍ മുന്‍പ് വെച്ച് പോലീസ് തടയാന്‍ ശ്രമിക്കുകയും പ്രവര്‍ത്തകര്‍ പോലീസ് വലയം ഭേദിച്ച് സെനറ്റ് ഹൗസ് കവാടത്തിലേക്ക് ഇരച്ച് കയറുകയും ചെയ്തു.

എം.ജി സര്‍വകലാശാലയിലും, കേരള സര്‍വകലാശാലയിലുമെല്ലാം സര്‍വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്ത മുഴുവന്‍ സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്കും സര്‍വകലാശാല തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ഉണ്ടെന്നിരിക്കെ കാലിക്കറ്റില്‍ ഇടത് പക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തോല്‍വി മുന്നില്‍ കണ്ട് ഇടത് പക്ഷ സിന്‍ഡിക്കേറ്റ് യൂണിവേഴ്‌സിറ്റി ബൈലോ ദേഭഗതി ചെയ്ത് എസ്.എഫ്.ഐ യുടെ തിട്ടൂരത്തിന് കൂട്ട് നില്‍ക്കുകയാണെന്നും ജനാധിപത്യം അട്ടിമറിക്കുകയാണെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ട് എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ് ആരോപിച്ചു.

നിലവില്‍ സര്‍വകലാശാലയിലെ അഫിലിയേറ്റഡ് കോളേജുകളിലെ മുഴുവന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാര്‍ക്കും സര്‍വ്വകലാശാലാ തെരെഞ്ഞെടുപ്പ് പ്രക്രിയകളില്‍ വോട്ടവകാശം ഉണ്ടായിരിക്കെ സ്വാശ്രയ കോളേജുകളിലെ യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍മാരെ സര്‍വ്വകലാശാലാ യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതും അല്ലെങ്കില്‍ അവര്‍ക്ക് മാത്രം പ്രതിനിധികളെ നിശ്ചയിച്ച് അവരുടെ പ്രാതിനിധ്യം കുറക്കുന്നതും തീര്‍ത്തും ജനാധിപത്യ വിരുദ്ധവും വിദ്യാര്‍ത്ഥി വിരുദ്ധവുമാണ്. ഇത്തരത്തിലുള്ള ജനാധിപത്യ അട്ടിമറിക്ക് കൂട്ട് നില്‍ക്കുകയാണെങ്കില്‍ എസ്.എഫ്.ഐ ഭരണം കയ്യാളുന്ന മുഴുവന്‍ സ്വാശ്രയ കോളേജുകളിലേയും യൂണിറ്റ് കമ്മിറ്റികള്‍ പിരിച്ച് വിടാന്‍ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ശരീഫ് വടക്കയില്‍ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം ഡോ.റഷീദ് അഹമ്മദ് , എം.എസ്.എഫ് സംസ്ഥാന ട്രഷറര്‍ യൂസഫ് വല്ലാഞ്ചിറ, സംസ്ഥാന സെക്രട്ടറി സമദ് പെരുമണ്ണ, മലപ്പുറം ജില്ലാ പ്രസിഡണ്ട് റിയാസ് പുല്‍പറ്റ, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അഫ്‌നാസ് ചോറോട്, പാലക്കാട് ജില്ലാ പ്രസിസണ്ട് ഷറഫു പിലാക്കല്‍, പി കെ നവാസ്,സ്വാഹിബ് മുഹമ്മദ്, ഹക്കീം തങ്ങള്‍, ശിഫ, അഷ്ഹര്‍ പെരുമുക്ക് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി നിഷാദ് കെ സലീം സ്വാഗതവും സംസ്ഥാന ക്യാംപസ് വിംഗ് കണ്‍വീനര്‍ കെ.എം ഫവാസ് നന്ദിയും അര്‍പ്പിച്ച് സംസാരിച്ചു.

പൂര്‍ണമായും ജനാധിപത്യ പരവും വിദ്യാര്‍ത്ഥി പക്ഷവുമായ നിലവിലെ തെരഞ്ഞെടുപ്പ് ചട്ടങ്ങളുമായി സര്‍വകലാശാല മുന്നോട്ട് പോവാന്‍ തയ്യാറാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ തുടര്‍ പ്രക്ഷോഭങ്ങള്‍ക്ക് സര്‍വകലാശാല സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും നേതാക്കള്‍ ഓര്‍മിപ്പിച്ചു.

SHARE