ബന്ധു നിയമനം: എം.എസ്.എഫ് മാര്‍ച്ചിനു നേരെ ആക്രമണം ഏഴുപേര്‍ക്ക് പരിക്ക്; 20 പേര്‍ റിമാന്റില്‍

കോഴിക്കോട്: നിയമവും ചട്ടവും ലംഘിച്ച് ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീല്‍ രാജിവക്കണമെന്നാവശ്യപ്പെട്ട് എം.എസ്.എഫ് സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചിനു നേരെ പൊലീസിന്റെ നരനായാട്ട്. വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് ടിയര്‍ ഗ്യാസ് പ്രയോഗം. പൊലീസ് വേട്ടയില്‍ ഏഴ് പേര്‍ക്ക് പരിക്ക്. ജലപീരങ്കികള്‍ എത്തിച്ചെങ്കിലും പൊലീസ് ഷെല്ലുകള്‍ എറിയുകയായിരുന്നു.

പരിക്കേറ്റ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്. മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റു ജാഫര്‍ സാദിഖ്, എം.എസ്.എഫ് ജില്ലാ ഭാരവാഹികളായ നൂറുദ്ദീന്‍ ചെറുവറ്റ, ഷമീര്‍ പാഴൂര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം ഷുഹൈബ് മുഖദാര്‍, കെ.പി. ഷിഹാബ് എന്നിവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ചെറുത്തു നിന്ന പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും നടത്തി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേതായി ആരോപിച്ച് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി നവാസ്, അഫ്‌നാസ്, എം അബ്ദുല്‍ ലത്തീഫ്, സാബിത് മായനാട്, മുഹമ്മദ് യാസിര്‍, സാഹിബ് മുഹമ്മദ്, ഷമീര്‍, എന്‍.പി മുഹമ്മദ് ഷാഫി, അബ്ദുല്‍ ഖാദര്‍, നൂറുദ്ദീന്‍ ചെറുവറ്റ, അനസ്, കെ.സി. ഷിഹാബ്, അസനുല്‍ ബന്ന, അനീസ് തോട്ടുങ്ങല്‍, സാജി റഹ്മാന്‍, സിയാദ് ഹസ്സന്‍, അജ്ഹര്‍, കെ മുഹമ്മദ് ഷാഫി, മുഹമ്മദ് പേരോട്, ഷംസീര്‍ തുടങ്ങി 20തോളം പേരെ ജാമ്യമില്ലാ കേസില്‍ അറസ്റ്റ് ചെയ്തു. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് നടക്കാവ് സ്റ്റേഷനു മുന്നില്‍ യൂത്ത് ലീഗും എംഎസ്എഫും നടത്തിയ പ്രതിഷേധത്തിന് നേരെയും പൊലീസ് ലാത്തി വീശി. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉള്‍പ്പെടെയുളളവര്‍ ശക്തമായ നിലപാട് സ്വീകരിച്ചതോടെയാണ് പരിക്കേറ്റവരെ ആസ്പത്രിയിലേക്ക് മാറ്റിയത്.

എം.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് മിസ്ഹബ് കീഴരിയൂർ, ജന:സെക്രട്ടറി എം.പി നവാസ്, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ലത്തീഫ് തുറയൂർ, ജന: സെക്രട്ടറി അഫ്നാസ് ചോറോട് എന്നിവർ….

രാവിലെ 11.50 ഓടെ എരഞ്ഞിപ്പാലത്ത് നിന്ന് നൂറുകണക്കിന് വിദ്യാര്‍ഥികളുടെ മാര്‍ച്ച് കലക്ടറേറ്റിന് മുന്നിലെത്തിയതോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം.കലക്‌ട്രേറ്റ് കവാടത്തില്‍ പൊലീസ് മാര്‍ച്ച് തടഞ്ഞു. മുന്‍ നിരയിലുള്ളവര്‍ ബാരിക്കേഡ് ചാടിക്കയറി. തുടര്‍ന്ന് പൊലീസ് കണ്ണീര്‍വാതക ഷെല്ലുകള്‍ എറിഞ്ഞു. ഇതില്‍ ഒരെണ്ണം പ്രതിഷേധക്കാര്‍ക്കിടയില്‍ വീണു പൊട്ടി. പിന്നാലെ പൊലീസ് ലാത്തി വീശി ഓടിക്കുകയായിരുന്നു. അല്‍പ സമയത്തിന് ശേഷം പ്രവര്‍ത്തകര്‍ തിരിച്ചെത്തി മാര്‍ച്ച് തുടര്‍ന്നു. എംഎസ്എഫ് മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ അക്രമത്തിലും നേതാക്കളെ കേസ്സെടുത്ത് റിമാന്റ് ചെയ്തതിലും പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിക്കാന്‍ യു.ഡി.എസ്.എഫ് ചെയര്‍മാനും കെ.എസ്.യു പ്രസിഡന്റുമായ അഭിജിത്ത് അറിയിച്ചു. കോഴിക്കോട് ജില്ലയിലെ കലാലയങ്ങളില്‍ ഇന്ന് പഠിപ്പു മുടക്കും. വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന പിണറായി ഭരണകൂടത്തിന്റെ നിലപാട് വിലപ്പോവില്ലെന്ന് എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി മുന്നറിയിപ്പ് നല്‍കി.