പൗരത്വ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ മോചിപ്പിക്കണം; എംഎസ്എഫ്

മലപ്പുറം: കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ലോക്ക് ഡൗണ്‍ വരെ പ്രഖ്യാപിച്ച് രാജ്യം മുന്നോട്ട് പോകുന്നതിനിടയിലും മനുഷ്യത്വ വിരുദ്ധമായ വാര്‍ത്തകളാണ് ഡല്‍ഹിയില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്നത്. ജനാധിപത്യ രീതിയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രക്ഷോഭം നടത്തിയ വിദ്യാര്‍ത്ഥി നേതാക്കളെ ഒരു കാരണവുമില്ലാതെ യു.എ.പി.എ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരിക്കുകയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശ സംരക്ഷണത്തിന് വേണ്ടി ജനാധിപത്യ മാര്‍ഗത്തില്‍ സമരം നടത്തിയ ജാമിഅ: മില്ലിയ വിദ്യാര്‍ത്ഥികളായ സഫൂറ സര്‍ഗ്ഗര്‍, മീരാന്‍ ഹൈദര്‍ , അലുംനി നേതാവ് ശിഫാഉറഹ്മാന്‍ എന്നിവരെയും ജെ.എന്‍.യു. വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനെയും ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടുകൂടി ഡല്‍ഹി പോലീസ് സ്വീകരിച്ച നടപടിയില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. പ്രതിഷേധം അറിയിക്കുന്നതോടൊപ്പം അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥി നേതാക്കളെ ഉടന്‍ മോചിപ്പിക്കുന്നതിന് നടപടി ഉണ്ടാകണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് എം.എസ്.എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധ പരിപാടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ച കാലമായി എംഎസ്എഫ് ദേശ വ്യാപകമായി ആവാസ് ദോ ക്യാമ്പയ്ന്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി എം.എസ്.എഫ് സംസ്ഥാന വ്യാപകമായി യു.എ.പി.എ കരി നിയമം കത്തിച്ച് കൊണ്ട് പ്രതിഷേധിച്ചു. മലപ്പുറത്ത് നടന്ന പ്രതിഷേധ സംഘമത്തില്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, മലപ്പുറം മണ്ഡലം പ്രസിഡന്റ് സജീര്‍ കളപ്പാടന്‍, ജനറല്‍ സെക്രട്ടറി നവാഫ് കള്ളിയത്ത്, ട്രഷറര്‍ അഖില്‍ ആനക്കയം എന്നിവര്‍ നേതൃത്വം കൊടുത്തു.

SHARE