ചെന്നൈ: തെന്നിന്ത്യന്‍ ചലച്ചിത്ര താരം വിജയിയെ കസ്റ്റഡിയില്‍ എടുത്ത ആദായ നികുതി വകുപ്പ് 30 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ വിട്ടയച്ചു. ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയില്‍ എടുത്ത താരത്തെ ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് വിട്ടയച്ചത്. അതേസമയം വിജയിയുടെ വസതിയില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയ്ഡിയില്‍ കാര്യമായ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. നീലാംഗരൈയിലേയും സാലിഗ്രാമത്തിലേയും അദ്ദേഹത്തിന്റെ വസതികളിലും വിവിധ സിനിമകളുടെ നിര്‍മാതാക്കളുടെ വസതികളില്‍ ഉള്‍പ്പെടെ 38 കേന്ദ്രങ്ങളില്‍ ഒരേ സമയാണ് റെയ്ഡ് നടന്നത്. ഇന്നലെ രാത്രി വൈകിയാണ് പരിശോധനകളും അവസാനിപ്പിച്ചത്. പണവും വസ്തുവിന്റെ ആധാരങ്ങളും പ്രോമിസറി നോട്ടുകളും ചെക്കുകളും ഉള്‍പ്പെടെ വിവിധ കേന്ദ്രങ്ങളിലെ റെയ്ഡില്‍ കണ്ടെടുത്തതായി ഇ.ഡി വൃത്തങ്ങള്‍ അവകാശപ്പെട്ടു.
അതേസമയം ഇവക്ക് വിജയിയുമായി ബന്ധമുണ്ടെന്ന് സ്ഥാപിക്കാന്‍ കൂടുതല്‍ ചോദ്യം ചെയ്യല്‍ വേണ്ടി വരുമെന്നാണ്സൂചന. വിജയ് നായകനായ ബിഗിലിന്റെ നിര്‍മ്മാതാവിന്റെ വസതിയില്‍ നടത്തിയ റെയ്ഡിലാണ് കണക്കില്‍ പെടാത്ത 77 കോടി രൂപ കണ്ടെടുത്തത്. സിനിമാ പ്രതിഫലം കൈമാറുന്നതില്‍ വന്‍ തോതില്‍ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടെന്നാണ് ആരോപണം.
അതേസമയം വിജയിയെ ഉന്നമിട്ടുള്ള ആദായ നികുതി വകുപ്പിന്റെ നീക്കത്തിനു പിന്നില്‍ കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ വിരോധമാണെന്ന വിമര്‍ശം ശക്തമാണ്. ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്ത തമിഴ് ചലച്ചിത്രതാരം വിജയ്ക്ക് പിന്തുണയുമായി ട്വിറ്ററില്‍ ആരാധകരുടെ ഹാഷ്ടാഗ് ട്രന്റാറായി. വി സ്റ്റാന്റ് വിത്ത് വിജയ് എന്ന ഹാഷ്ടാഗിലാണ് തെന്നിന്ത്യന്‍ ചലചിത്രാരാധകര് താരത്തിന് ഉറച്ച പിന്തുണയുമായി രംഗത്തെത്തുന്നത്. എന്നാല്‍ 24 മണിക്കൂര്‍ പിന്നിട്ടിട്ടും വിജയിയെ കുടുക്കാന്‍ പറ്റിയ ഒന്നും ഇഡിക്ക് ശേഖരിക്കാന്‍ കഴിയാതെ വന്നതോടെ #MrPerfectThalapathyV-IJAY യും ട്വിറ്ററില്‍ ട്രന്റായി.