പ്രതിഷേധമുയരണം ഈ അവഗണനക്കെതിരെ

റെയില്‍വേയുടെ ഭൂപടത്തില്‍ കേരളമില്ലേ എന്ന ചോദ്യം മുമ്പും ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ അത് ശക്തമായി ഉയര്‍ത്തേണ്ടി വരുന്നു.അത്രമേല്‍ കേരളത്തോടുള്ള റെയില്‍വേയുടെ അവഗണനയുടെ ആഴവും പരപ്പും നീളുന്നു. അനുകമ്പയുടെ തിരിനാളം ഒരു തീരുമാനത്തിലുമുണ്ടാകുന്നില്ല. കഴിഞ്ഞ ദിവസം ദക്ഷിണ റയില്‍വേ ജനറല്‍ മാനേജര്‍ രാഹുല്‍ ജയിന്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത എം.പിമാരുടെ യോഗവും നിരാശയാണ് സംസ്ഥാനത്തിന് സമ്മാനിച്ചത്. എം.പിമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളില്‍ ഒന്നു പോലും അംഗീകരിക്കപ്പെട്ടില്ല.
എത്രയോ കാലമായി കേരളം ഉന്നയിക്കുന്ന പ്രധാന ആവശ്യങ്ങളാണ് പരിഗണനയില്‍ പോലും ഉള്‍പ്പെടുത്താതെ റെയില്‍വേ അവഗണിച്ചത്. രാഷ്ട്രീയ ഭേദമന്യേ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ റെയില്‍വേ സംസ്ഥാനത്തോട് പുലര്‍ത്തുന്ന നിസ്സംഗഭാവം പാര്‍ലമെന്റില്‍ നിരന്തരമായി ഉന്നയിക്കുന്നുണ്ട്.
സംസ്ഥാന നിയമസഭയിലും നിരവധി തവണ റെയില്‍വേ വിഷയമായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ യോഗം വിളിച്ചത്. എന്നാല്‍ നിരാശയുടെ പടുകുഴിയിലാണ് യോഗം അവസാനിച്ചത്. രാജ്യത്താകെയുള്ള 90ല്‍ അധികം സ്റ്റേഷനുകള്‍ക്കൊപ്പം കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം സൗത്ത് സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താമെന്ന വാഗ്ദാനം മാത്രമാണ് യോഗത്തിലുണ്ടായത്. ഈ വാഗ്ദാനം തന്നെ എന്ന് പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം.
കേരളത്തിന് ഒന്നും നല്‍കുന്നില്ലെന്ന് മാത്രമല്ല, ഉള്ളത് കൂടി കവര്‍ന്നെടുക്കുമെന്ന സൂചനയാണ് നിലവിലുള്ളത്. തിരുവനന്തപുരം ഡിവിഷന്‍ വിഭജിക്കണമെന്ന ആവശ്യം ഏറെ നാളായി തമിഴ്‌നാട് ഉന്നയിക്കുന്നുണ്ട്. നേമം മുതല്‍ തിരുനെല്‍വേലി വരെയുള്ള 160 കിലോമീറ്റര്‍ തിരുവനന്തപുരം ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റി മധുര ഡിവിഷനില്‍ ചേര്‍ക്കണമെന്ന ആവശ്യമാണ് തമിഴ്‌നാട് ഉയര്‍ത്തുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ സംസ്ഥാനത്തിന്റെ റെയില്‍വേ വികസനത്തിന് കനത്ത തിരിച്ചടിയാകും സംഭവിക്കുക. നേമം സെക്കന്റ് ടെര്‍മിനല്‍ തലസ്ഥാനത്തെ റെയില്‍ വികസനത്തിന്റെ ആണിക്കല്ലാണ്.
കൊച്ചുവേളിയില്‍ അവസാനിക്കുന്ന ട്രെയിനുകള്‍ തിരുവനന്തപുരം സെന്‍ട്രലിലെത്തണമെങ്കില്‍ നേമം ടെര്‍മിനല്‍ പൂര്‍ത്തിയാകണം. എന്നാല്‍ നേമം സെക്കന്റ് ടെര്‍മിനലിന്റെ പദ്ധതി രേഖയുടെ കുരുക്ക് ഇനിയും അഴിഞ്ഞിട്ടില്ല. ഇത് റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് പറയുമ്പോഴും അടുത്തകാലത്തൊന്നും ഇത് ബജറ്റില്‍ ഇടംപിടിക്കാന്‍ സാധ്യതയില്ലെന്നാണ് സൂചന.
സംസ്ഥാനത്തെ യാത്രാദുരിതം അനുദിനം വര്‍ധിക്കുമ്പോള്‍ റെയില്‍ വികസനമാണ് പരിഹാരം. കേരളത്തിന്റെ ഭൂപ്രകൃതിയും ജനസാന്ദ്രതയും റോഡുകളുടെ കുറവും സൃഷ്ടിക്കുന്ന യാത്രാക്ലേശം പരിഹരിക്കാന്‍ കേരളത്തിന് മുന്നില്‍ മറ്റ് വഴികളില്ല.
എന്നാല്‍ പതിറ്റാണ്ടുകളായി പുതിയ റെയില്‍പാതകള്‍ കേരളത്തിന് ലഭിക്കുന്നില്ല. ശബരി റെയില്‍പാതക്ക് പിന്നാലെ നിലമ്പൂര്‍ വയനാട് നഞ്ചന്‍കോട് പാതയെന്ന സ്വപ്‌നവും കെട്ടണയുകയാണ്. നിലമ്പൂര്‍-നഞ്ചന്‍കോട് പാതക്കുള്ള സര്‍വേക്കു പോലും റെയില്‍വേ അനുമതി നല്‍കിയിട്ടില്ല.
പുതിയ റെയില്‍ പാതകള്‍ മാത്രമല്ല, പൂതിയ തീവണ്ടികളും കേരളത്തിനില്ലെന്ന ദുസ്ഥിതിയാണ് മലയാളികള്‍ അഭിമുഖീകരിക്കുന്നത്. ഏറ്റുമാനൂര്‍-ചെങ്ങന്നൂര്‍ പാത ഇരട്ടിപ്പിക്കല്‍ കഴിയുന്നതു വരെ പുതിയ വണ്ടികളനുവദിക്കാന്‍ കഴിയില്ലെന്നാണ് റെയില്‍വേയുടെ നിലപാട്. 2021ലാണ് ഈ പാതയിലെ ഇരട്ടിപ്പിക്കല്‍ തീരുക. ചിലപ്പോള്‍ വീണ്ടും നീണ്ടു പോയേക്കും. അടുത്ത രണ്ട് വര്‍ഷവും പുതിയ തീവണ്ടികള്‍ കേരളത്തിന് ലഭിക്കില്ലെന്ന് ചുരുക്കം. എറണാകുളം വരെ ഓടുന്ന പൂനെ-എറണാകുളം, അജ്മീര്‍-എറണാകുളം എക്സ്പ്രസുകള്‍ കൊല്ലത്തേക്ക് നീട്ടണമെന്ന ആവശ്യം പോലും അംഗീകരിക്കപ്പെട്ടില്ല. ദീര്‍ഘദൂര വണ്ടികള്‍ക്കൊപ്പം ഹൃസ്വദൂര വണ്ടികളും കേരളത്തിന് ആവശ്യമാണ്. കൊട്ടിഗ്‌ഘോഷിച്ച് ആരംഭിച്ച മെമു ഏട്ടിലെ പശുവായ മട്ടാണ്. ഇതിനൊപ്പം കേട്ടതാണ് തിരുവനന്തപുരം-ചെങ്ങന്നൂര്‍ സബര്‍ബന്‍ കോറിഡോര്‍. ഈ പദ്ധതി റെയില്‍വേ മന്ത്രാലയത്തിന്റെ കടലാസില്‍ പോലും ഇനിയുമെത്തിയിട്ടില്ല.
പഴകി പൊളിഞ്ഞ കോച്ചുകള്‍, വൈകിയോടുന്ന വണ്ടികള്‍, അറ്റക്കുറ്റപണി പൂര്‍ത്തിയാക്കാത്ത ട്രാക്കുകള്‍ തുടങ്ങി കേരളത്തോടുള്ള റെയില്‍വേയുടെ അവഗണന അടി മുതല്‍ മുടി വരെ വ്യാപിച്ചുകിടക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ പണിയെടുക്കുന്ന, പഠിക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ ഗതാഗത ആശ്രയമാണ് റെയില്‍വേ. സംസ്ഥാനത്തിനകത്തും ഏറ്റവും കൂടുതല്‍ പേര്‍ ആശ്രയിക്കുന്ന പൊതുഗതാഗതം റെയില്‍വേ തന്നെ. എന്നിട്ടും എന്തുകൊണ്ടാണ് റെയില്‍വേ കേരളത്തിനെ അവഗണിക്കുന്നത്.
റെയില്‍ വിഹിതത്തില്‍ കേരളത്തിനുള്ള വിഹിതം കുറഞ്ഞു കുറഞ്ഞുവരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1206 കോടി രൂപ സംസ്ഥാനത്തെ റെയില്‍വികസനത്തിനായി നീക്കിവെച്ച സ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം അത് 923 കോടി രൂപയായി കുറഞ്ഞു. 283 കോടി രൂപയുടെ കുറവാണ് ഇത്തവണ ഉണ്ടായത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച തുകയേക്കാള്‍ 25 ശതമാനം തുക കുറക്കാനുണ്ടായ ചേതോവികാരമായി പൊതുവായി പരിഗണിക്കപ്പെടുന്നത് കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയം തന്നെ. കേരളം അടിയന്തരപ്രാധാന്യത്തോടെ ആവശ്യപ്പെട്ട പദ്ധതി കളൊന്നു പോലും ബജറ്റില്‍ ഇടംപിടിച്ചിട്ടില്ല. പുതുതായി ഒരു ട്രെയിനും അനുവദിച്ചതുമില്ല. കഴിഞ്ഞ ബജറ്റിലെ ചില പ്രഖ്യാപനങ്ങളുടെ ആവര്‍ത്തനം മാത്രമാണ് ഇത്തവണയുണ്ടായത്.
റെയില്‍വേ വികസനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് കേരളം റെയില്‍വേയുമായി ചേര്‍ന്ന് സംയുക്ത കമ്പനി രൂപീകരിച്ച് 25,000 കോടി രൂപയുടെ പദ്ധതികള്‍ മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍ ഈ കമ്പനിയെ തന്നെ മുഖവിലക്കെടുക്കാന്‍ തയാറല്ലെന്ന നിലപാടാണ് റെയില്‍വേക്ക്. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തോട് പുലര്‍ത്തുന്ന നിലപാടിന്റെ തുടര്‍ച്ച റെയില്‍വേ വികസനത്തില്‍ വലിയ തോതിലാണ് പ്രകടമാകുന്നത്. ഇതിനൊപ്പം കേരളത്തിന്റെ റെയില്‍ വികസനത്തിന് തടസ്സം നില്‍ക്കുന്ന ഒരു ലോബി സജീവമാണെന്ന സംശയവും ശക്തമാണ്. കേരളത്തിന്റെ ആവശ്യങ്ങളാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റ് അംഗങ്ങള്‍ യോഗത്തില്‍ ഉന്നയിച്ചത്. ഒരു ജനതയുടെ അവകാശങ്ങളെ അവഗണിച്ചുള്ള റെയില്‍വേയുടെ വൈകിയോട്ടത്തിനെതിരെ പ്രതിഷേധം ശക്തമാക്കുകയല്ലാതെ കേരളത്തിന് മറ്റ് വഴികളില്ല.

SHARE