ന്യൂഡല്‍ഹി: കോവിഡ് 19 ഭേദമാക്കുന്നതിനായി വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ കൈകളില്‍ ചുംബനം നല്‍കുന്ന മധ്യപ്രദേശിലെ ആള്‍ദൈവം അസ്ലം ബാബ കോവിഡ് 19 ബാധിച്ച് മരിച്ചു.
ജൂണ്‍ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച അസ്ലം ബാബ ഇന്നലെയാണ് മരിച്ചത്. ബാബയുടെ മരണം സ്ഥിരീകരിച്ചതോടെ സമ്പര്‍ക്ക സാധ്യത കണിക്കിലെടുത്ത് രത്ലം പ്രദേശം നിലവില്‍ കണ്ടെയ്‌നര്‍ സോണായി പ്രഖ്യാപിച്ചിരിക്കയാണ്.
ബാബയുമായി ഏകദേശം 50 പേര്‍ക്ക് നേരിട്ട്‌സമ്പര്‍ക്കമുണ്ടായിരുന്നുതായും അവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചതായും രത്ലം എസ്പി ഗൗരവ് തിവാരി അറിയിച്ചു. ബാബയുമായി സമ്പര്‍ക്കമുണ്ടായ 19 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ബാബ താമസിച്ചിരുന്ന നയാപുര മേഖലയിലെ 150 ഓളം പേര്‍ നിരീക്ഷണത്തിലാണ്.
ബാബയുമായി ബന്ധപ്പെട്ട നിരവധി പേര്‍ക്ക് വൈറസ് ബാധിക്കാന്‍ സാധ്യതയുണ്ടെന്നും പരിശോധന ഇപ്പോഴും നടക്കുന്നുതായും എന്നാല്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചുവെന്ന് അധികൃതര്‍ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും എസ്പി തിവാരി പറഞ്ഞു.
അതേസമയം, മധ്യപ്രദേശില്‍ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച് അന്ധവിശ്വാസങ്ങള്‍ക്ക് പിറകേ നിരവധിപേര്‍ പോകുന്നതായി റിപ്പോര്‍ട്ടുണ്ട്. ബാബയുടെ മരണത്തിന് പിന്നാലെ ഏകദേശം 32 ആള്‍ദൈവങ്ങളെ ക്വാറന്റീന്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു. ഇവരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിരിക്കയാണ്. രത്ലം മേഖലയില്‍ നിലവില്‍ 85 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 44 പേര്‍ രോഗമുക്തരായി. നാലുപേര്‍ മരിച്ചു. മധ്യപ്രദേശില്‍ 10,049 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 427 പേര്‍ മരിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 10,000 ത്തില്‍ എത്തുന്ന ഏഴാമത്തെ സംസ്ഥാനമായി മധ്യപ്രദേശ് മാറി.