പ്രഗ്യാ സിങിനെതിരായ കൊലപാതക കേസിൽ പുനരന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ

ഭോപാൽ: ഹിന്ദുത്വ ഭീകരവാദിയും ഭോപാലിൽ നിന്നുള്ള ബി.ജെ.പി സ്ഥാനാർത്ഥിയുമായ സാധ്വി പ്രഗ്യാ സിങ് ഠാക്കൂറിനെതിരായ പന്ത്രണ്ട് വർഷം മുന്നത്തെ കൊലപാതക കേസിൽ മധ്യപ്രദേശ് സർക്കാർ പുനരന്വേഷണം നടത്തുന്നു. ആർ.എസ്.എസ് പ്രചാരക് സുനിൽ ജോഷി കൊല്ലപ്പെട്ട കേസിൽ പ്രഗ്യാ സിങ് അടക്കം എട്ടുപേരാണ് അന്വേഷണം നേരിട്ടിരുന്നത്. കേസ് അന്വേഷിച്ചു വരികയായിരുന്ന എൻ.ഐ.എ 2017-ൽ ഇവരെയും മറ്റുള്ളവരെയും വെറുതെ വിട്ടിരുന്നു.

സുനിൽ ജോഷി കൊലപാതക കേസിലെ അന്വേഷണം തൃപ്തികരമായിരുന്നില്ലെന്നും 2017-ൽ പ്രഗ്യയെയും കൂട്ടാളികളെയും വെറുതെ വിട്ടതിനു പിന്നിൽ കേന്ദ്ര സർക്കാറിന്റെ സമ്മർദമാണെന്നും ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശിലെ കമൽനാഥ് സർക്കാർ പുനരന്വേഷണം നടത്തുന്നത്. സുനിൽ ജോഷിയുടെ വധത്തിൽ പ്രഗ്യക്ക് പങ്കുണ്ടെന്നും കേസ് പുനരന്വേഷണം നടത്തുന്നതിന് ഹൈക്കോടതിയിൽ അപ്പീൽ പോകുമെന്നും മധ്യപ്രദേശ് നിയമമന്ത്രി പി.സി ശർമ പറഞ്ഞു.

2008-ലെ മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതിയായ പ്രഗ്യാ സിങിന് ഈയിടെയാണ് ജാമ്യം ലഭിച്ചത്. ഭീകരകേസിലെ പ്രതിയായ ഇവരെ സ്ഥാനാർത്ഥിയാക്കാനുള്ള ബി.ജെ.പിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ നാഥുറാം ഗോഡ്‌സെ ദേശഭക്തനായിരുന്നു എന്ന പ്രഗ്യാ സിങിന്റെ പ്രസ്താവന വിവാദമായി. സമ്മർദത്തെ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഗ്യയെ തള്ളിപ്പറഞ്ഞു. എന്നാൽ, ഭോപ്പാലിൽ കോൺഗ്രസ് നേതാവ് ദിഗ്വിജയ് സിങിനെതിരെ മത്സരിക്കുന്ന പ്രഗ്യയെ പാർട്ടിയിൽ നിന്നു പുറത്താക്കാനോ സ്ഥാനാർത്ഥിത്വം റദ്ദാക്കാനോ ബി.ജെ.പി തയ്യാറായില്ല.

സംഝോത എക്‌സ്പ്രസ് സ്‌ഫോടനമടക്കം, രാജ്യത്തെ ഹിന്ദുത്വ ഭീകരത വെളിച്ചത്തു കൊണ്ടുവന്ന മഹാരാഷ്ട്ര ഭീകര വിരുദ്ധ സ്‌ക്വാഡ് തലവൻ ഹേമന്ദ് കർക്കറെയുടെ മരണം തന്റെ ശാപം കാരണമാണെന്ന് പ്രഗ്യാ സിങ് അവകാശപ്പെട്ടിരുന്നു.

‘പ്രഗ്യാ സിങിനെ സാധ്വി (സന്യാസിനി) എന്നു വിളിക്കാൻ ഞാൻ തയ്യാറല്ല. മഹാത്മാഗാന്ധിയുടെ ഘാതകനെ ദേശഭക്തൻ എന്നും രക്തസാക്ഷിയായ ഹേമന്ദ് കർക്കറെയെ രാജ്യദ്രോഹിയെന്നുമാണ് അവർ വിളിച്ചത്. സുനിൽ ജോഷിയുടെ വധത്തിൽ അവർക്കു പങ്കുണ്ടെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.’ – പി.സി ശർമ പറഞ്ഞു.