‘നിങ്ങളെ കണ്ടപ്പോള്‍ ഞങ്ങള്‍ കരുതി മുസ്‌ലീമാണെന്ന്’ ; അഭിഭാഷകനെ മര്‍ദ്ദിച്ചതില്‍ മാപ്പ് പറഞ്ഞ് മധ്യപ്രദേശ് പൊലീസ്

മധ്യപ്രദേശില്‍ മാര്‍ച്ച് മാസത്തില്‍ അഭിഭാഷകനെ മര്‍ദ്ദിച്ച സംഭവത്തില്‍ മാപ്പ് ചോദിച്ച് പൊലീസ്. അഭിഭാഷകനായ ദീപക് ബുണ്ടലെയ്ക്കാണ് ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് മര്‍ദ്ദനമേറ്റത്. ദീപകിന്റെ താടി കണ്ട് മുസ്‌ലീമാണെന്ന് കരുതിയാണ് തങ്ങള്‍ മര്‍ദ്ദിച്ചതെന്നാണ് പൊലീസ് വിശദീകരണം. മധ്യപ്രദേശിലെ ബെതുലിലാണ് ഇസ്‌ലാമോഫോബിയയുടെയും പൊലീസിന്റെ ക്രൂരതയുടെയും ഉദാഹരണം പുറത്തുവന്നിരിക്കുന്നത്. ദ വയറിന് നല്‍കിയ അഭിമുഖത്തിലാണ് ദീപക് തന്റെ അനുഭവങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുന്നത്

മാര്‍ച്ച് 23ന് ചികിത്സാ ആവശ്യങ്ങള്‍ക്കായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പോകുംവഴിയാണ് അഭിഭാഷകനായ ദീപക് ബുണ്ടേല്‍ മധ്യപ്രദേശ് സര്‍ക്കാരിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായത്. സംഭവം നടന്ന് ഇപ്പോള്‍ രണ്ട് മാസം ആകാറായിരിക്കുന്നു. പൊലീസിന്റെ മര്‍ദ്ദനത്തിനെതിരെ അടുത്തദിവസം തന്നെ ദീപക് പരാതിയുമായി മുന്നോട്ട് പോയിരുന്നു. ദീപക്കിനെ ഒരു മുസ്‌ലിം യുവാവായി തെറ്റിദ്ധരിച്ചതുകൊണ്ടാണ് അന്ന് ദീപകിനെ മര്‍ദ്ദിച്ചതെന്നും അതുകൊണ്ട് പരാതി പിന്‍വലിക്കണമെന്നുമാണ് ഇപ്പോള്‍ പൊലീസ് ദീപകിനോട് പറയുന്നത്.

ഭരണഘടനാപരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നാണ് ഞാന്‍ പൊലീസുകാരോട് പറഞ്ഞത്. ഐപിസി സെക്ഷന്‍ 188 പ്രകാരം അവര്‍ക്ക് വേണമെങ്കില്‍ എന്നെ കസ്റ്റഡിയിലെടുക്കാവുന്നതാണെന്നും, ഞാന്‍ സഹകരിക്കാമെന്നും പറഞ്ഞു. പക്ഷേ അതൊക്കെ കേട്ടതോടെ അവര്‍ നിയന്ത്രണം വിട്ട് പെരുമാറുകയാണ് ചെയ്തത്. എന്നെയും ഇന്ത്യന്‍ ഭരണഘടനയെയും ചീത്ത വിളിക്കാനും തുടങ്ങി. അപ്പോഴേക്കും വേറെയും കുറേ പൊലീസുകാര്‍ വരികയും എല്ലാവരും കൂടി അവരുടെ ലാത്തിയുപയോഗിച്ച് എന്നെ കൂട്ടമായി മര്‍ദ്ദിക്കാനും തുടങ്ങി. ഞാന്‍ ഒരു അഭിഭാഷകനാണെന്ന് പറയും വരെ ആ മര്‍ദ്ദനം തുടര്‍ന്നു. പക്ഷേ, അപ്പോഴേക്കും അടികൊണ്ട് എന്റെ ചെവിയില്‍ നിന്നൊക്കെ ചോര വന്നുതുടങ്ങിയിരുന്നെന്നും ദീപക്ക് പറഞ്ഞു.

താടി വളര്‍ത്തിയതിനാല്‍ ദീപക് മുസ്‌ലീമാണെന്ന് കരുതിയ ഏതാനും പൊലീസുകാരാണ് ദീപക്കിനെ മര്‍ദ്ദിച്ചതെന്ന് പൊലീസുകാര്‍ റെക്കോഡ് ചെയ്ത, ദീപക്കിന്റെ അനുഭവം പറച്ചിലിലിനിടയിലെ പൊലീസ് സംഭാഷണങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. സാമുദായിക കലാപങ്ങള്‍ നടക്കുമ്പോള്‍ പോലീസ് സാധാരണ ഹിന്ദുക്കളെയാണ് പിന്തുണയ്ക്കാറുള്ളതെന്നും ആ വോയിസ് റെക്കോര്‍ഡില്‍ നിന്ന് വ്യക്തമാകുന്നു.എന്നാല്‍ പരാതി പിന്‍വലിക്കാന്‍ ദീപക്ക് തയ്യാറായിട്ടില്ല. ഇതുവരെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ തെറ്റുപറ്റാനുണ്ടായ കാരണം പറഞ്ഞത് കേട്ടിട്ട് ഞാന്‍ ശരിക്കും ഞെട്ടിപ്പോയി. ഇനി ഞാന്‍ ഒരു മുസ്‌ലിം ആയിരുന്നെങ്കില്‍ തെറ്റൊന്നും ചെയ്യാതെ എന്നെ മര്‍ദ്ദിക്കാനുള്ള അവകാശം പൊലീസിന് ഉണ്ട് എന്നാണോ ഞാന്‍ മനസ്സിലാക്കേണ്ടതെന്നും ദീപക് ചോദിച്ചു.

SHARE