കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് വീണു; മദ്ധ്യപ്രദേശില്‍ എഴുതിത്തള്ളിയ കടങ്ങള്‍ തിരിച്ചു ചോദിച്ച് ബാങ്കുകള്‍!

ഭോപ്പാല്‍: മദ്ധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തായതിനു പിന്നാലെ എഴുതിത്തള്ളിയ വായ്പകള്‍ തിരിച്ചു ചോദിച്ച് ബാങ്കുകള്‍. കോണ്‍ഗ്രസ് അധികാരത്തിലിരിക്കെ 22 ലക്ഷം കര്‍ഷകരുടെ കടങ്ങളാണ് എഴുതിത്തള്ളിയിരുന്നത്.

ന്യൂസ് 18 ചാനലാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കോണ്‍ഗ്രസിന്റെ സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കാര്‍ഷിക കടം എഴുതിത്തള്ളല്‍. അധികാരത്തിലേറിയ ഉടന്‍ മുഖ്യമന്ത്രി കടം എഴുതിത്തള്ളല്‍ പ്രഖ്യാപിച്ചിരുന്നു.

പ്രഖ്യാപനം നടന്നെങ്കിലും കര്‍ഷകര്‍ക്ക് ഇതുവരെ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ ബാങ്കുകില്‍ നിന്ന് ലഭിച്ചിട്ടില്ല. നടപടിക്രമങ്ങള്‍ അവസാനിക്കാത്തതാണ് കാരണം. ഈ സാഹചര്യത്തിലാണ് ബാങ്കുകള്‍ നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞത്. സര്‍ക്കാര്‍ മാറിയത് തങ്ങള്‍ എന്തു പിഴച്ചു എന്ന് കര്‍ഷകര്‍ ചോദിക്കുന്നു.

മാര്‍ച്ചില്‍ എം.എല്‍.എമാര്‍ കൂറുമാറിയതോടെയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ നിന്നു പുറത്തായത്. നിയമസഭയില്‍ വിശ്വാസം തെളിയിക്കാനാകാതെ സര്‍ക്കാര്‍ രാജിവയ്ക്കുകയായിരുന്നു. അതിനിടെ വിഷയത്തില്‍ ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ മൗനം പാലിക്കുകയാണ്.