സഭ തുടങ്ങി; ബി.ജെ.പിയെ വെല്ലുവിളിച്ച് കമല്‍നാഥ്, എല്ലാ കണ്ണുകളും പ്രജാപതിയിലേക്ക്

ഭോപാല്‍: നിയമസഭയില്‍ വിശ്വാസംതേടണമെന്ന ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്റെ നിര്‍ദേശം നിലനില്‍ക്കെ മധ്യപ്രദേശ് നിയമസഭാ സമ്മേളനത്തിന് തുടക്കമായി. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍ നാഥിനോട് ഇന്ന് ഫ്‌ലോര്‍ ടെസ്റ്റ് നേരിടാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ വിഷയത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് സ്പീക്കര്‍ ആണെന്ന നിലപാടിലാണ് കമല്‍നാഥ്.

22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് പ്രതിസന്ധിയിലായ കമല്‍നാഥ് സര്‍ക്കാര്‍ തിങ്കളാഴ്ചതന്നെ നിയമസഭയില്‍ വിശ്വാസംതേടണമെന്ന് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ നിര്‍ദേശം വന്നത്. എന്നാല്‍, വിശ്വാസവോട്ടെടുപ്പ് നടക്കുമോ ഇല്ലയോ എന്നകാര്യത്തിലുള്ള തീരുമാനം തിങ്കളാഴ്ച സഭയില്‍ അറിയിക്കാമെന്നാണ് സ്പീക്കര്‍ എന്‍.പി. പ്രജാപതി വ്യക്തമാക്കിയത്. സഭാസമ്മേളനത്തിന്റെ അജന്‍ഡയില്‍ വിശ്വാസവോട്ടെടുപ്പ് ഉള്‍പ്പെടുത്തിയിട്ടുമില്ല. ഇതോടെ വോട്ടെടുപ്പിന്റെ കാര്യം അനിശ്ചിതത്വത്തിലാവുകയും എല്ലാ കണ്ണകളും സ്പീക്കറിലേക്ക് തിരിഞ്ഞിരിക്കുകയുമാണ്.

അതേസമയം, സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ബിജെപിയെ വെല്ലുവിളിച്ചും കമല്‍നാഥ് രംഗത്തെത്തി.
തന്റെ എംഎല്‍എമാരില്‍ രണ്ട് ഡസനോളം പേരെ ‘ബന്ദികളാക്കി’ കൈവശം വച്ചതായി ആരോപിച്ച കമല്‍നാഥ്, വിജയിക്കുമെന്ന് ഉറപ്പുണ്ടെങ്കില്‍ അവിശ്വസ പ്രമേയം കൊണ്ടുവരാന്‍ ബിജെപിയെ വെല്ലുവിളിച്ചു.

കോണ്‍ഗ്രസ് സര്‍ക്കാരിനോട് ഇന്ന് വിശ്വാസ വോട്ട് തേടാനാണ് സ്പീക്കര്‍ നര്‍മദ പ്രസാദ് പ്രജാപതിയോടാണ് ഗവര്‍ണര്‍ ലാല്‍ജി ടണ്ഠന്‍ ആവശ്യപ്പെട്ടത്. രാവിലെ 11 ന് ഗവര്‍ണറുടെ പ്രസംഗത്തിന് പിന്നാലെ വിശ്വാസ വോട്ടെടുപ്പ് നടത്തണം. ഇതിനുള്ള നടപടികള്‍ സ്വീകരിക്കാനാണ് ഗവര്‍ണര്‍ സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയത്. എംഎല്‍എമാര്‍ ബട്ടണ്‍ പ്രസ്സ് ചെയ്തുകൊണ്ടുള്ള വോട്ടെടുപ്പാണ് നടത്തേണ്ടത്. മറ്റു രീതികള്‍ സ്വീകാര്യമല്ല. വോട്ടെടുപ്പ് നടപടികള്‍ നാളെത്തന്നെ പൂര്‍ത്തിയാക്കി ഫലം പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി. വിശ്വാസ വോട്ടെടുപ്പ് വീഡിയോയില്‍ പകര്‍ത്തണം. വിശ്വാസവോട്ടെടുപ്പ് നീട്ടിവെക്കുകയോ, വൈകിക്കുകയോ, സസ്പെന്‍ഡ് ചെയ്യുകയോ ചെയ്യരുതെന്നും ഗവര്‍ണര്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.