പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി വരുമോയെന്ന് ഭയം; ആദിത്യനാഥിനെതിരെ മോദിയുടെ പിന്തുണയോടെ പാര്‍ട്ടിയില്‍ പടയൊരുക്കം

ലഖ്‌നൗ: ഉപതെരഞ്ഞെടുപ്പുകളിലെ കനത്ത പരാജയത്തിന് പിന്നാലെ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം. കൈരാന ലോക്‌സഭാ സീറ്റിലും നൂപുര്‍ നിയമസഭാ സീറ്റിലും കഴിഞ്ഞ ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പി പരാജയപ്പെട്ടിരുന്നു. ഒരു മാസം മുമ്പ് നടന്ന ഗൊരഖ്പൂര്‍, ഫുല്‍പൂല്‍ ഉപതെരഞ്ഞെടുപ്പുകളിലും ബി.ജെ.പിക്ക് കനത്ത പരാജയം തന്നെയായിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടിക്കുള്ളില്‍ ആദിത്യനാഥിനെതിരെ പടയൊരുക്കം തുടങ്ങിയിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടേയും രഹസ്യ പിന്തുണയോടെയാണ് യോഗിക്കെതിരായ നീക്കങ്ങള്‍ നടത്തുന്നത്. മോദിയെക്കാള്‍ തീവ്രഹിന്ദുത്വ നിലപാടുകള്‍ പിന്തുടരുന്ന ആളായാണ് യോഗി ആദിത്യനാഥ് വിലയിരുത്തപ്പെടുന്നത്. മോദി അധികാരത്തിലെത്തിയതോടെ ഹിന്ദുത്വ അജണ്ടകള്‍ മറന്നതായാണ് ആര്‍.എസ്.എസിലെ തീവ്രനിലപാടുകാരുടെ പക്ഷം. പ്രവീണ്‍ തൊഗാഡിയയെ മോദി ഇടപെട്ട് വി.എച്ച്.പി പ്രസിഡണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയതിലും ഇവര്‍ക്ക് അമര്‍ഷമുണ്ട്. ഈ സാഹചര്യത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ആര്‍.എസ്.എസ് നേതൃത്വം ആദിത്യനാഥിനെ കൊണ്ടുവരുമോയെന്ന ഭയമാണ് യോഗിക്കെതിരായ നീക്കത്തിന് മോദിയെ പ്രേരിപ്പിക്കുന്നത്.

അതിനിടെ ആദിത്യനാഥ് നിസ്സഹായനെന്ന് വിമര്‍ശിക്കുന്ന കവിതയുമായി ബി.ജെ.പി എം.എല്‍.എ തന്നെ രംഗത്തെത്തിയത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തു വന്നതിന് തെളിവാണ്. ഹര്‍ദോയില്‍ നിന്നുള്ള എം. എല്‍. എയായ ശ്യാം പ്രകാശാണ് ആദിത്യനാഥിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ അഴിമതിക്കാരായി, കര്‍ഷകര്‍ യോഗിയുടെ ഭരണത്തില്‍ തൃപ്തരല്ല, ഇത്തരത്തിലുള്ള കാരണങ്ങളാണ് ബി.ജെ.പിയുടെ പരാജയത്തിന് കാരണമെന്നായിരുന്നു കവിതയില്‍ പറഞ്ഞത്. കവിത വിവാദമായതോടെ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്ന് എം.എല്‍.എ പ്രതികരിച്ചു.